കൊച്ചി> ചെല്ലാനം തീരസംരക്ഷണത്തിനായി 344 കോടി ചെലവിൽ നടപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായുള്ള പദ്ധതി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. വ്യവസായ- നിയമ മന്ത്രി പി രാജീവ് അധ്യക്ഷനായി. ചെന്നൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് നടത്തിയ വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തീരസംരക്ഷണം നടത്താനാണ് ലക്ഷ്യം.
അടുത്ത കാലവർഷത്തിൽ ചെല്ലാനം നിവാസികളെ മാറ്റി പാർപ്പിക്കേണ്ട അവസ്ഥയ്ക്ക് വിരാമമിടുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും കാലതാമസം കൂടാതെ ചെല്ലാനത്ത് നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന പത്ത് ഹോട്ട്സ്പോട്ടുകളിൽ ആദ്യ ഘട്ട നിർമ്മാണം ആരംഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ 5300 കോടി പൂർണ്ണമായും പ്രയോജനപ്പെടുത്തി തീരദേശ സംരക്ഷണം നടപ്പിലാക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം കേന്ദ്രം ചെല്ലാനത്ത് നടപ്പിലാക്കും. ഇറിഗേഷൻ വകുപ്പ് ഡാം കേന്ദ്രീകരിച്ച് ടൂറിസം കേന്ദ്രങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ കണ്ണീരായിരുന്നു ചെല്ലാനം എന്നും പ്രദേശവാസികൾ നേരിടുന്ന ദുരിതത്തിന് ശാശ്വത പരിഹാരം നാടിന്റെ പൊതു ആവശ്യം ആയിരുന്നു എന്ന് പി രാജീവ് പറഞ്ഞു. ചെല്ലാനം തീര സംരക്ഷണത്തിനുള്ള പദ്ധതി നടപ്പിലാക്കുന്നതിന് അതിവേഗത്തിലുള്ള പ്രവർത്തനമാണ് നടന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ കൃത്രിമ ബീച്ച് നിർമ്മാണ പ്രവർത്തിയും നടത്തിയാൽ ചെല്ലാനത്തെ ടൂറിസം കേന്ദ്രമായി മാറ്റാൻ സാധിക്കുമെന്നും രാജീവ് പറഞ്ഞു.
കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുതല് മുടക്കില് ടെട്രാപോഡുകള് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. കടലേറ്റ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനൊപ്പം സംസ്ഥാനത്തെ ആദ്യ മത്സ്യ ഗ്രാമം പദ്ധതിയും ചെല്ലാനത്ത് നടപ്പിലാക്കും . ചെല്ലാനം പഞ്ചായത്തിലെ ഹാര്ബറിന് തെക്കുവശം മുതല് 10 കി.മീറ്റര് ദൈര്ഘ്യത്തിലാണ് കടല് ഭിത്തിയുടെ പുനരുദ്ധാരണ പ്രവര്ത്തികളും ബസാര്- കണ്ണമാലി ഭാഗത്ത് 1കി.മീറ്റര് ദൈര്ഘ്യത്തില് പുലിമുട്ട ശ്വംഖലയുടെയും നിര്മാണ പ്രവര്ത്തികളുമാണ് ആദ്യ ഘട്ടത്തില് നടപ്പിലാക്കുന്നത്. കടലാക്രമണം ഏറ്റവും കൂടുതല് ബാധിക്കുന്ന കമ്പനിപ്പടി, വച്ചാക്കല്, ചാളക്കടവ് എന്നിവിടങ്ങളില് കടല് ഭിത്തിയുടെ പുനരുദ്ധാരണ പ്രവര്ത്തികള് പ്രാവര്ത്തികമാകുമ്പോള് ഈ പ്രദേശങ്ങളിലെ കടല്കയറ്റത്തിന് ശമനം ലഭിക്കും .
പുനരുദ്ധാരണ പ്രവര്ത്തിയില് കടല്ഭിത്തിയുടെ ഉയരം – 5.5 മീറ്ററും വീതി 24 മീറ്ററുമാണ്. ജിയോ ഫാബ്രിക് ഫിൽറ്റർ, മണല് നിറച്ച ജിയോ ബാഗ് , 10-50, 150-200 കി. ഗ്രാം
കല്ലുകള്, അതിനു മുകളില് 2 ടൺ ഭാരമുള്ള ടെട്രാപോഡ് എന്നിങ്ങനെയാണ് പ്രവര്ത്തിയുടെ നിര്മ്മാണ ഘടന. തീരദേശ സംരക്ഷണ പാക്കേജ് നിർവ്വഹണത്തിനായി രണ്ട് സമിതികൾ രൂപീകരിച്ചിട്ടുണ്ട്. പൊതു മേൽനോട്ടത്തിനായി വ്യവസായ മന്ത്രി പി.രാജീവ് രക്ഷാധികാരിയായ സമിതിയേയും സാങ്കേതിക മേൽനോട്ടത്തിനായി തീരദേശ വികസന അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഷേക്ക് പരീത് അധ്യക്ഷനായ ടെക്നിക്കൽ കമ്മിറ്റിയെയും നിശ്ചയിച്ചിട്ടുണ്ട്.
ഹൈബി ഈഡൻ എം. പി, കെ ജെ മാക്സി എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അഡീഷണൽ ചീഫ് സെക്രട്ടറി (ജല വിഭവ വകുപ്പ്) ടി. കെ ജോസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഡി പ്രസാദ്, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ അലക്സ് വർഗ്ഗീസ് , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.