ന്യൂഡൽഹി:കേരള ഹൈക്കോടതി ജഡ്ജി ആയി അഭിഭാഷകൻ കെ.കെ പോളിനെ നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ വീണ്ടും മടക്കി. കൊളീജിയം ശുപാർശ ആവർത്തിച്ചാൽ അംഗീകരിക്കണമെന്ന വ്യവസ്ഥ മറികടന്നാണ് കേന്ദ്ര സർക്കാർ ഫയൽ മടക്കിയത്. കേന്ദ്ര സർക്കാരിന്റെ നടപടിയോടുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ നിലപാട് വ്യക്തമല്ല.
2018 ഏപ്രിൽ 12 നാണ്അക്കാലത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ഉള്ള ഹൈക്കോടതി കൊളീജിയം അഭിഭാഷകനായ കെ.കെ പോളിനെ ജഡ്ജി ആയി നിയമിക്കണം എന്ന ശുപാർശ സുപ്രീം കോടതി കോളീജിയത്തിന് കൈമാറിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ അധ്യക്ഷതയിൽ 2019 മാർച്ച് 25 ന് ചേർന്ന സുപ്രീം കോടതി കൊളീജിയം ഈ ശുപാർശ അംഗീകരിച്ച ശേഷം തുടർ നടപടികൾക്കായി കേന്ദ്ര സർക്കാരിന് കൈമാറിയിരുന്നു.
എന്നാൽ മുഹമ്മദ് നിയാസ്, വിജു ഏബ്രഹാം, കെ.കെ പോൾ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാർശ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊളീജിയത്തിന് കേന്ദ്ര സർക്കാർ ഫയൽ മടക്കിയിരുന്നു. 2021 മാർച്ച് രണ്ടിന് ചേർന്ന സുപ്രീം കോടതി കൊളീജിയം തങ്ങളുടെ മുൻ ശുപാർശയിൽ ഉറച്ച് നിൽക്കുന്നു എന്ന് വ്യക്തമാക്കി വീണ്ടും ഫയൽ കേന്ദ്രസർക്കാരിന് അയച്ചു. രണ്ട് ആഴ്ച മുമ്പ് മുഹമ്മദ് നിയാസ്, വിജു ഏബ്രഹാം എന്നിവരെ ജഡ്ജിമാരായി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്ത് ഇറക്കി.
ഇതിന് പിന്നാലെയാണ് കെ.കെ പോളിനെ ജഡ്ജി ആയി നിയമിക്കണം എന്ന ശുപാർശ കേന്ദ്ര നിയമ മന്ത്രാലയം തിരിച്ചയച്ചത്. എന്ത് കൊണ്ടാണ് കൊളീജിയം ആവർത്തിച്ച് നൽകിയ ശുപാർശ കേന്ദ്ര സർക്കാർ മടക്കിയത് എന്ന് വ്യക്തമല്ല. ശുപാർശ കൊളീജിയം ആവർത്തിച്ചാൽ കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. അതിനാൽ തന്നെ ഈ വിഷയത്തിൽ ഇനി സുപ്രീം കോടതി കൊളീജിയം സ്വീകരിക്കുന്ന നിലപാട് പ്രസക്തമാണ്. കൊളീജിയം രണ്ടാമതും ശുപാർശ ചെയ്ത കർണാടകത്തിലെ അഭിഭാഷകനറെ ഫയലും കേന്ദ്ര സർക്കാർ തിരിച്ചയച്ചതായാണ് സൂചന.
ഇതിന് പുറമെ മൂന്ന് വനിത അഭിഭാഷകർ ഉൾപ്പടെ 12 അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കണം എന്ന സുപ്രീം കോടതി കൊളീജിയത്തിന്റെശുപാർശയും കേന്ദ്ര സർക്കാർ മടക്കി. കൽക്കട്ട ഹൈക്കോടതിയിലെക്ക് അഞ്ച് പേരെയും, ഡൽഹി ഹൈക്കോടതിയിലേക്ക് നാല് പേരെയും, രണ്ട് പേരെ ജമ്മു കശ്മീർ ഹൈക്കോടതിയിലേക്കും, ഒരാളെ കർണാടക ഹൈക്കോടതിയിലേക്കും നിയമിക്കാനുള്ള ശുപാർശ ആണ് കേന്ദ്ര സർക്കാർ മടക്കിയത്. എന്നാൽ ഈ ശുപാർശകൾ എല്ലാം സുപ്രീം കോടതി കൊളീജിയം ആദ്യ തവണ അയച്ചതാണെന്ന് നിയമ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
Content Highlights: centre denies collegium`s proposal to appoint kk paul as hc judge