കോഴിക്കോട് > എംപി – എംഎൽഎ രാഷ്ട്രീയം പാർടിയെ നിയന്ത്രിക്കുന്നത് കോൺഗ്രസിന് ഗുണകരമല്ലെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ. ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ച രീതി ശരിയല്ല. ചർച്ചകൾ നടന്നിട്ടില്ല. അഭിപ്രായം പറഞ്ഞതിന് തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് കോൺഗ്രസിന്റെ രീതിയല്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനിലും കെപിസിസി പ്രസിഡന്റ് കെ സുധാകരനിലും കോൺഗ്രസ് പ്രവർത്തകർക്ക് പ്രതീക്ഷ നഷ്ടമായിരിക്കയാണെന്നും അനിൽകുമാർ വാർത്താലേഖകരോട് പറഞ്ഞു.
കോൺഗ്രസിന്റെ മുതിർന്ന നേതാക്കളാണ് ഉമ്മൻചാണ്ടിയും രമേശ്ചെന്നിത്തലയും. വയസായെയെന്ന് കരുതി അച്ഛനന്മമാരെ മക്കൾ ഒഴിവാക്കുമോ. ഇപ്പോഴത്തെ ശൈലി കാണുമ്പോൾ അതാണ് തോന്നുന്നത്. ഇന്നത്തെ സംവിധാനത്തിൽ കോൺഗ്രസ് പ്രവർത്തകരാകെ നിരാശയിലാണ്. പാർടിയിൽ നിന്ന് പുറത്തുചാടാൻ തയ്യാറായിരിക്കുന്ന പ്രവർത്തകരെ പാർടിയിൽ പിടിച്ചുനിർത്തുന്നതാകണം നേതൃത്വം. എന്നാൽ ജനാധിപത്യപരമായ അഭിപ്രായപ്രകടനം കൂടി അനുവദിക്കുന്നില്ലെന്നതാണ് നിലപാട്. വി ഡി സതീശനൊന്നും മുമ്പ് പ്രകടിപ്പിച്ച പരസ്യവിമർശനത്തിന്റെ അത്രയൊന്നും താൻ നടത്തിയിട്ടില്ല. കോൺഗ്രസുകാരനായി മരിക്കണമെന്നാണ് തന്റെ ആഗ്രഹം. അതിന് നേതൃത്വം സമ്മതിക്കുമോ എന്നറിയില്ലെന്നും അനിൽകുമാർ പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ ഡിസിസി യെയും കോൺഗ്രസ് പാർടിയെയാകെയും എം കെ രാഘവൻ എംപി നോക്കുകുത്തിയാക്കി. രാഘവന്റെ നോമിനിയാണ് പുതിയ ഡിസിസി പ്രസിഡന്റ്. മറ്റു ചിലറ വെറുതെ അവകാശവാദം ഉന്നയിക്കുന്നുവെന്നേയുള്ളു. എം കെ രാഘവന്റെ നേതൃത്വമാണ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ തോൽവിക്ക് കാരണമായത്. കോഴിക്കോട് നോർത്തിൽ തോറ്റതും രാഘവന്റെ വീഴ്ചയാണ്. രാഘവൻ മാത്രം ജയിക്കുകയും കോൺഗ്രസ് തോൽക്കുകയും ചെയ്യുന്നതെന്ത് കൊണ്ടെന്ന് പരിശോധിക്കണം. എല്ലാവർക്കും പേടിയായതിനാലാണ് രാഘവനെക്കുറിച്ച് മിണ്ടാത്തത്.താൻ പ്രകടിപ്പിക്കുന്നത് പ്രവർത്തകരുടെ വികാരമാണെന്നും അനിൽകുമാർ പറഞ്ഞു.