ന്യൂഡൽഹി/തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അതൃപ്തി പരസ്യമാക്കിയ രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കുമെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്ത്. രൂക്ഷ വിമർശമാണ് ഇരു നേതാക്കളും വാർത്താ സമ്മേളനത്തിൽ മുതിർന്ന നേതാക്കൾക്കെതിരെ ഉന്നയിച്ചത്.ചർച്ച നടന്നുവെന്ന് ചൂണ്ടിക്കാട്ടിയ കെ.സുധാകരനും സതീശനും ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ കാലത്ത് എത്ര ചർച്ചകൾ നടന്നുവെന്നും ചോദിച്ചു. ചർച്ച നടന്നുവെന്നതിന് തെളിവായി ഉമ്മൻ ചാണ്ടി നിർദേശിച്ചവരുടെ പേരുകൾ എഴുതിയ ഡയറിയും സുധാകരൻ വാർത്താ സമ്മേളനത്തിൽ ഉയർത്തിക്കാട്ടി.
ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി രണ്ട് വട്ടം ചർച്ച നടത്തിയതാണ്. വർക്കിംഗ് പ്രസിഡന്റ് എന്ന നിലയിൽ ഒരു തലത്തിലും തന്നോട് ചർച്ച നടത്താതെയായിരുന്നു മുമ്പ് സ്ഥാനാർഥി പട്ടികയും ഭാരവാഹി പട്ടികയും പുറത്തിറക്കിയിരുന്നതെന്നും സുധാകരൻ ആരോപിച്ചു. ഗ്രൂപ്പ് രാഷ്ട്രീയത്തിലൂടെ മാത്രമേ വരാൻ പാടുള്ളൂ എന്ന നിഷ്കർഷത മാറ്റിയപ്പോൾ അസ്വസ്ഥരായ ആളുകൾക്ക് അങ്ങനെയൊക്കെ പറയാമെന്നും അദ്ദേഹം പറഞ്ഞു. രൂക്ഷമായ പ്രതികരണമാണ് ഇരു നേതാക്കൾക്കെതിരേയും സുധാകരൻ നടത്തിയത്.
വിശദമായ ചർച്ച ചെയ്തില്ലെന്ന വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിൽ ഇത്രയും വിശദമായ ചർച്ച നടത്തിയ കാലം കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിലുണ്ടാവില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും താനുമുൾപ്പെടെ എല്ലാവരും കൂടിയിരുന്നുകൊണ്ടാണ് ചർച്ചയുടെ ഷെഡ്യൂൾ പോലും നിശ്ചയിച്ചതെന്നും സതീശൻ വ്യക്തമാക്കി.
കഴിഞ്ഞ 18 വർഷമായി നടന്നിരുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായ ഒരു രീതിയാണ് ഇത്തവണ ഉണ്ടായത്. ഞങ്ങൾ വരുമ്പോൾ സാമ്പ്രദായിക രീതികളിൽ നിന്ന് മാറ്റം വരുമെന്ന് ഞങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒന്നോ രണ്ടോ പേരോട് അഭിപ്രായം ചോദിച്ചിട്ടോ അല്ലെങ്കിൽ ഞാനും സുധാകരകനും കൂടി ഒരു മൂലയ്ക്ക് മാറിയിരുന്ന് ചർച്ച ചെയ്ത് തീരുമാനിച്ച് ഡൽഹിയിൽ കൊണ്ടുകൊടുത്ത ലിസ്റ്റ് അല്ല അത്. കുറേക്കൂടി താഴേക്ക് ചർച്ചകൾ പോവുകയും ഒരുപാട് പേരോട് അഭിപ്രായം ചോദിക്കുകയും ഇത്തവണ ചെയ്തിട്ടുണ്ട്. ഇത്രയും വേഗത്തിൽ ഇത്രയും നന്നായി പട്ടിക ഇറക്കിയ കാലമുണ്ടായിട്ടില്ല- സതീശൻ പറഞ്ഞു.
കോൺഗ്രസിൽ എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു ലിസ്റ്റ് ഇറക്കാൻ പറ്റില്ല. മുതിർന്ന നേതാക്കൾ തന്നെ പേരുകൾ അങ്ങനെ തന്നെ വീതം വെച്ച് കൊടുക്കാനാണെങ്കിൽ ഞങ്ങൾ ഈ സ്ഥാനത്ത് ഇരിക്കേണ്ട കാര്യമില്ലല്ലോ എന്നും സതീശൻ ചൂണ്ടിക്കാട്ടി.