തിരുവനന്തപുരം> കോണ്ഗ്രസ് ഡിസിസി അധ്യക്ഷ പട്ടിക വേണ്ട വിധത്തില് ചര്ച്ച ചെയ്തില്ലെന്ന ഉമ്മന്ചാണ്ടിടേയും ചെന്നിത്തലയുടേയും വിമര്ശനങ്ങള് തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്ത്. ഇത്രയും വിശദമായി ചര്ച്ച നടത്തിയ ഒരു കാലവും ഉണ്ടായിട്ടില്ലെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങള് വരുമ്പോള് ചേഞ്ച് ഉണ്ടാകും. പുതിയ രീതി ഉണ്ടാകും.
എല്ലാവരേയും തൃപ്തിപ്പെടുത്തി ലിസ്റ്റ് ഇറക്കാന് സാധിക്കില്ല.അനാവശ്യ സമ്മര്ദ്ദങ്ങള്ക്ക് വഴങ്ങില്ല. 2011ല് മന്ത്രിയാകുമെന്ന് ഉച്ചവരെ പറഞ്ഞിട്ട് മന്ത്രിയാക്കാതിരുന്നപ്പോള് ചിരിച്ചുകൊണ്ടുപോയ ആളാണ് താന്. പുതിയ നേതൃത്വം വന്നു. പഴയത് പോലെ വീതം വെച്ച് കൊടുക്കാനാകില്ല. ഏത് ലിസ്റ്റായാലും പ്രശ്നമുണ്ടാകുമെന്നും സതീശന് മാധ്യമങ്ങളോട് പ്രതികരിച്ചു
താനും സുധാകരനും ഒരു മൂലയില് മാറിയിരുന്ന് ചര്ച്ച നടത്തിയല്ല പുതിയ പട്ടിക പുറത്തിയിറക്കിയത്. രണ്ട് നേതാക്കള് തന്ന പട്ടിക വീതം വച്ച് കൊടുക്കാനാണെങ്കില് ഞങ്ങള് വേണോ എന്നും സതീശന് ചോദിച്ചു. 18 വര്ഷമായി തുടര്ന്ന് പോന്ന രീതിയ്ക്ക് മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു