ന്യൂഡൽഹി> പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾക്കും ചേരിപ്പോരിനും കളമൊരുക്കി സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക. സോണിയഗാന്ധിക്ക് മുമ്പാകെ സമർപ്പിച്ച പട്ടികയിൽ അവസാന നിമിഷം പതിവുപോലെ ഒത്തുതീർപ്പുകൾക്കും ഗ്രൂപ്പ് സമവായത്തിനും വഴങ്ങി ശനിയാഴ്ച രാത്രി വൈകി പട്ടിക ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കേരളത്തിലെ കോൺഗ്രസിൽ കലാപവും പൊട്ടിപുറപ്പെട്ടു.
പട്ടികക്കെതിരെ ചാനലുകളിൽ പരസ്യമായി പ്രതികരിച്ച രണ്ട് മുതിർന്ന നേതാക്കളെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സസ്പെൻഡ് ചെയ്തു. മുൻ എംഎൽഎ കെ ശിവദാസൻനായർക്കും കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിനുമാണ് സസ്പെൻഷൻ.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെ മുരളീധരൻ എന്നിവർ ജില്ലകൾ വീതംവച്ചെടുത്തപ്പോൾ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തീർത്തും അവഗണിക്കപ്പെട്ടു. സ്വന്തം ജില്ലയായ ആലപ്പുഴയിൽമാത്രം നോമിനിക്ക് ഇടംനൽകാൻ ചെന്നിത്തലയ്ക്കായി. ഉമ്മൻചാണ്ടിയെ രാഷ്ട്രീയ വനവാസത്തിലേക്ക് തള്ളിവിട്ട് നേതൃത്വം പൂർണമായി തഴഞ്ഞു. ഹൈക്കമാൻഡ് നിർദേശിച്ചിട്ടും പട്ടികയിൽ ദളിത്–- വനിതാ പ്രാതിനിധ്യമില്ല.
കെ സുധാകരൻ കൈമാറിയ കരടുപട്ടികയിൽ ഹൈക്കമാൻഡ് ചെറിയ മാറ്റങ്ങൾ വരുത്തി. കോട്ടയത്ത് ഫിൽസൺ മാത്യൂവിന് പകരം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിശ്വസ്തനായ നാട്ടകം സുരേഷ് ഇടംപിടിച്ചു. ആലപ്പുഴയിൽ കെ സി വേണുഗോപാലിന്റെ നോമിനി കെ പി ശ്രീകുമാറിനെ വെട്ടി ബാബുപ്രസാദ് ഉറപ്പിച്ചു. കോഴിക്കോട് കെ മുരളീധരന്റെ താൽപ്പര്യത്തിൽ പ്രവീൺകുമാറും കണ്ണൂരിൽ സുധാകരന്റെ വിശ്വസ്തൻ മാർട്ടിൻ ജോർജും എറണാകുളത്ത് വി ഡി സതീശന്റെ അനുയായി മുഹമദ് ഷിയാസും പ്രസിഡന്റുമാരാവും. ഹൈക്കമാൻഡിലേക്ക് പരാതിപ്രവാഹം ഉണ്ടായെങ്കിലും തിരുവനന്തപുരത്ത് വേണുഗോപാലിന്റെ കടുംപിടിത്തത്തിൽ പാലോട് രവി സ്ഥാനംപിടിച്ചു.
കൊല്ലം–- രാജേന്ദ്രപ്രസാദ്, പത്തനംതിട്ട–- സതീശ് കൊച്ചുപറമ്പിൽ, വയനാട്–- എൻ ഡി അപ്പച്ചൻ, മലപ്പുറം–- വി എസ് ജോയ്, തൃശൂർ–- ജോസ് വള്ളൂർ, ഇടുക്കി–- സി പി മാത്യു, പാലക്കാട്–- എ തങ്കപ്പൻ, കാസർകോട്–- പി കെ ഫൈസൽ എന്നിങ്ങനെയാണ് ശേഷിക്കുന്ന പട്ടിക.
ആഴ്ചകളുടെ കൂടിയാലോചനകൾക്കും അനിശ്ചിതത്വത്തിനും ശേഷമാണ് പട്ടിക പ്രഖ്യാപിച്ചത്. പുതിയ ഡിസിസി പ്രസിഡന്റുമാർക്കെതിരായി എല്ലാ ജില്ലകളിലും കോൺഗ്രസിൽ പ്രതിഷേധമാണ്. എ കെ ആന്റണി ചർച്ചകളിൽനിന്ന് പൂർണമായി വിട്ടുനിന്നു. ചെന്നിത്തലയെ താരിഖ് അൻവർ ഫോണിൽ ആശ്വസിപ്പിച്ചു. വർധിത വീര്യത്തോടെ ഗ്രൂപ്പ്പോര് തുടരുമെന്ന നിലപാടിലാണ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും.