തിരുവനന്തുപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു നൽകിയപ്പോൾ മുതൽ രോഗവ്യാപനത്തിലുണ്ടായ വർധനവിന്റെ തോത് ഓണക്കാലത്തോടെ കൂടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യം മുൻകൂട്ടികണ്ട് ചികിത്സാ സൗകര്യം ശക്തമാക്കിയിട്ടുണ്ട്. വാക്സിനേഷൻ ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കോവിഡിനെതിരേയുള്ള സാമൂഹിക പ്രതിരോധ ശേഷി അധികം വൈകാതെ കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനസംഖ്യാനുപാതികമായി വാക്സിൻ ഏറ്റവും വേഗത്തിൽ നൽകുന്ന സംസ്ഥാനമാണ് കേരളം. ഒരുദിവസം അഞ്ചു ലക്ഷം ഡോസ് വാക്സിൻ വരെ വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
മരണനിരക്ക് പിടിച്ചുനിർത്താനും സംസ്ഥാനത്തിന് സാധിച്ചു. എന്നാൽ രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിന് ആനുപാതികമായി മരണങ്ങളുടെ എണ്ണവും വർധിച്ചു. മരണമടയുന്നവരിൽ ഭൂരിഭാഗവും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരുമാണ്. വാക്സിൻ ആദ്യഘട്ടത്തിൽ നൽകിയത് ഈ വിഭാഗത്തിൽപ്പെട്ടവർക്കായിരുന്നു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാനം തുടക്കംമുതൽ പ്രവർത്തിച്ചത്. ഈ ഉദ്യമം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയനിരക്കുമായി താരത്മ്യം ചെയ്താൽ കേരളത്തിലെ മരണനിരക്ക് വളരെ കുറവാണ്. ശക്തമായ പൊതുജനാരോഗ്യസംവിധാനമുള്ളതിനാൽ കേസ് കൂടിയാലും കേരളത്തിന് നേരിടാനാവും. കേരളത്തിൽ വലിയൊരു വിഭാഗം ഇനിയും രോഗബാധിതരായിട്ടില്ല എന്നതും ആരോഗ്യവിദഗ്ദ്ധർ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മരണം പരമാവധി കുറയ്ക്കാനാണ് ശ്രമം. രാജ്യത്തേറ്റവും നന്നായി കോവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ് കേരളത്തിലെ കോവിഡ് മരണനിരക്ക്. ദേശീയശരാശരി ഇതിന്റെ മൂന്നിരട്ടിയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനവും ഗ്രാമനഗരവ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്ഥാനവും കൂടുതൽ വയോജനങ്ങളുള്ള സംസ്ഥാനവും കേരളമാണ്. ഹൃദ്രോഗികളും പ്രമേഹരോഗികളും ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. ഇങ്ങനെ മരണനിരക്ക് കൂടാൻ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിനെ നിയന്ത്രിക്കാൻ സാധിച്ചത് പ്രതിരോധ സംവിധാനത്തിന്റെ ഗുണം കൊണ്ട് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരു സമൂഹത്തിൽ എത്രശതമാനം പേരിൽ രോഗം വന്നു പോയി എന്നറിയാൻ സീറോസർവേ നടത്താറുണ്ട്. ഏറ്റവും അവസാനം ഐസിഎംആർ പുറത്തുവിട്ടസർവേ പ്രകാരം കേരളത്തിലെ 44.4 പേർക്ക് മാത്രമാണ് രോഗം വന്നു പോയത്. കൂടുതൽ പേരിൽ വൈറസ് എത്തുന്നത് തടയാൻ നമുക്കായി. എന്നാൽ ഇതുവരെ രോഗം ബാധിക്കാത്തവർ കേരളത്തിൽ അൻപത് ശതമാനത്തിനും മുകളിലാണ് എന്നതാണ് മറ്റൊരു വശം. ദേശീയതലത്തിൽ 66.7 ശതമാനം പേർക്കാണ് രോഗം വന്നു പോയത്. രാജ്യത്തെ ആകെ കണക്കെടുത്താൽ ഇനി 33 ശതമാനം പേർക്കാണ് രോഗം വരാനുള്ളത്. മധ്യപ്രദേശിൽ 79 ശതമാനം പേർക്ക് രോഗം വന്നു പോയെന്നാണ് സർവേ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാം തരംഗത്തിന്റെ സാധ്യതകൾ നിലനിൽക്കുന്നതിനാൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.