തിരുവനന്തപുരം > കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് മികച്ച രീതിയില് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മഹാമാരിയുടെ ഘട്ടത്തില് പ്രധാനപ്പെട്ട ലക്ഷ്യം മരണം പരമാവധി കുറയ്ക്കുക എന്നതാണ്. ഏറ്റവും മികച്ച രീതിയില് രാജ്യത്ത് കോവിഡ് മരണനിരക്ക് കുറച്ച് നിര്ത്തുന്നത് കേരളമാണെന്ന് കണക്കുകള് വ്യക്തമാക്കും. 0.51 ശതമാനമാണ് കേരളത്തിലെ മരണ നിരക്ക്. ദേശീയ നിരക്കാകട്ടെ 1.34 ശതമാനവും. അതായത് കേരളത്തിലേതിന്റെ ഏകദേശം മൂന്നിരട്ടി.- മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് വിശദീകരിച്ചു.
രോഗബാധിതരാകാത്തവരുടെ എണ്ണം വളരെകൂടുതലാണ് എന്നതാണ് കേസുകള് വര്ധിക്കുന്നതിന്റെ ഒരുകാരണം. ഐസിഎംആറിന്റെ സെറോസര്വേ പ്രകാരം കേരളത്തിലെ 44.4 ശതമാനം ആളുകള്ക്ക് മാത്രമാണ് രോഗം വന്നുപോയത്. രോഗസാധ്യത കൂടുതലുള്ള ആളുകള് 50 ശതമാനത്തിലും മുകളിലാണ് എന്നതാണ് ഇതിന്റെ മറ്റൊരു വശം. ദേശീയ തലത്തില് 66.7 ശതമാനം പേര്ക്കാണ് രോഗം വന്നുപോയത്.
കേരളമാണ് ഏറ്റവും മികച്ച രീതിയില് വാക്സിന്വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് 2.7 കോടി ജനങ്ങള്ക്ക് ആദ്യ ഡോസ് വാക്സിന് നല്കാനായി. സെപ്തംബറില് തന്നെ 18ന് മുകളില് പ്രായമുള്ള എല്ലാവര്ക്കും ആദ്യഡോസ് നല്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ വരെ അരക്കോടിയിലധികം പേര്ക്ക് വാക്സിന് നല്കാന് വാക്സിനേഷന് യജ്ഞത്തിലൂടെ സാധിച്ചു. ഓണാവധി പോലും കാര്യമാക്കാതെയാണ് ആരോഗ്യപ്രവര്ത്തകര് സ്ത്യുത്യര്ഹമായ പ്രവര്ത്തനത്തിന്റെ ഫലമാണിത്.
ഏറ്റവും കുറവ് ശതമാനംപേരെ വൈറസിന് വിട്ടുകൊടുത്ത സംസ്ഥാനമാണ് കേരളമെന്ന് നിസ്സംശയം പറയാനാകും.
9 ലക്ഷത്തിലേറെ പേര് വാക്സിന് എടുക്കാന് തയ്യാറായിട്ടില്ല. അവര്ക്കിടയില് വാക്സിനേഷനുള്ള സന്നദ്ധതയുണ്ടാക്കും. എങ്കിലും പലരും വിമുഖത തുടരുന്നുണ്ട്. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരില് ഭൂരിഭാഗവും വാക്സിന് എടുക്കാത്തവരാണ്. ഇത് ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.