തിരുവനന്തപുരം > മഹാത്മാ അയ്യന്കാളി അടക്കമുള്ള നവോത്ഥാന നായകരുടെ ജീവചരിത്രം രാജ്യത്താകെ പാഠപുസ്തകങ്ങളില് ഉള്പ്പെടുത്തണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്കുട്ടി. മഹാത്മാ അയ്യന്കാളിയുടെ ജന്മദിനത്തില് വെള്ളയമ്പലത്തെ മഹാത്മാ അയ്യങ്കാളി സ്ക്വയറില് കേരള പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ മേഖലയെ വര്ഗീയവല്ക്കരിക്കാനുള്ള കേന്ദ്ര നീക്കത്തെ എതിര്ക്കും. മഹാത്മാ അയ്യങ്കാളി എന്തിനു വേണ്ടി നിലകൊണ്ടോ അതിനെ സ്വജീവിതത്തില് എതിര്ക്കുന്നവര് ഇന്ന് അദ്ദേഹത്തെ കൊണ്ടാടുന്നു. ജാതി മത വേര്തിരിവുകള്ക്കെതിരെയുള്ള പോരാട്ടമായിരുന്നു മഹാത്മാ അയ്യന്കാളിയുടെ ജീവിതം. മഹാത്മാ അയ്യന്കാളി ഉയര്ത്തിപ്പിടിച്ച ആശയങ്ങള് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇനിയും നടപ്പായിട്ടില്ല. ജാതി-മത വേര്ത്തിരിവുകള് സമൂഹത്തില് നടപ്പാക്കാന് ശ്രമിക്കുന്നവര്ക്കെതിരെ ജാഗ്രത പുലര്ത്തണമെന്നും മന്ത്രി വി ശിവന്കുട്ടി ആവശ്യപ്പെട്ടു. മന്ത്രിമാരായ കെ രാധാകൃഷ്ണന്, ജി ആര് അനില്, അഡ്വ.ആന്റണി രാജു,കെ സോമപ്രസാദ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര് എന്നിവരും ചടങ്ങില് പങ്കെടുത്തു.