തിരുവനന്തപുരം: മത്സ്യത്തൊഴിലാളി സ്ത്രീകളുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സൗജന്യ ബസ് സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു. കെ.എസ്.ആർടിസിയും ഫിഷറീസ് വകുപ്പും സംയുക്തമായി ആവിഷ്കരിച്ച പദ്ധതിക്കായി 72 ലക്ഷം രൂപയാണ് ഫിഷറീസ് വകുപ്പ് അനുവദിച്ചിരിക്കുന്നത്.
ആദ്യഘട്ടം എന്ന നിലയിൽ തിരുവനന്തപുരത്താണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ മൂന്ന് ലോ ഫ്ളോർ ബസുകളാണ് സമുദ്ര ബസ്സുകളാക്കി മാറ്റിയത്. ബസിന്റെ അറ്റകുറ്റപ്പണിയും മേൽനോട്ട ചുമതലയും കെ.എസ്.ആർ.ടി.സിക്കാണ്. ബസ് വാടക ഫിഷറീസ് വകുപ്പ് നൽകും. യാത്ര പൂർണമായും സൗജന്യമായിരിക്കും. ഒരുബസിൽ 24 പേർക്ക് യാത്ര ചെയ്യാം.മത്സ്യക്കുട്ടകൾ പുറത്തുനിന്ന് ബസിലേക്ക് കയറ്റിവയ്ക്കാനുള്ള പ്രത്യേക സജ്ജീകരണം, സുരക്ഷാ ക്യാമറ തുടങ്ങിയ സൗകര്യങ്ങളെല്ലാം സമുദ്ര ബസ്സിലുണ്ട്. യാത്രയുടെ വിരസത അകറ്റാൻ പാട്ടുമുണ്ട്.
രാവിലെ ആറുമുതൽ രാത്രി 10 വരെ ബസ് സർവീസ് നടത്തും. ഓരോ ആഴ്ചകളിലും തൊഴിലാളികളുമായി ചർച്ചചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തും. സംസ്ഥാനത്താകെ മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
Content Highlights: Samudra bus service kick starts; free travel for fisherwomen