കോഴിക്കോട്: ഹരിത-എംഎസ്എഫ് വിവാദത്തിൽ ചോദ്യത്തോട് പ്രകോപിതനായി പി.എം.എ സലാം. ഹരിത വിഷയത്തിൽ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിനോട് ഇന്ന് മാധ്യമ പ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോൾ പി.എം.എ സലാം മാധ്യമങ്ങൾക്കെതിരേ തിരിഞ്ഞു.
ഹരിതയുടെ പുറകെ നടക്കാൻ നാണമില്ലേയെന്നും വിഷയം ഇനി ചർച്ചയ്ക്കേ വരില്ലെന്നും പി.എം.എ സലാം പറഞ്ഞു. പാർട്ടിക്ക് നിരവധി കാര്യങ്ങൾ നോക്കാനുണ്ട്. ഇതിന് പുറകെ മാത്രം പോയാൽ പോരെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ലീഗ് ഹൗസിൽ ഉപസമിതി യോഗത്തിനെത്തിയതായിരുന്നു പി.എം.എ സലാം. ഹരിത വിഷയം പാർട്ടിയുടേതാണ്. അത് പാർട്ടി നോക്കിക്കൊള്ളും. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് നിങ്ങളാണ് പറയുന്നത്. പാർട്ടിക്ക് മുന്നിൽ അങ്ങനെയൊരു പ്രശ്നമില്ലെന്നും പി.എം.എ സലാം പറഞ്ഞു.