കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ നിർണായക ദൃശ്യങ്ങൾ പിടിച്ചെടുത്ത് വിജിലൻസ്. പണം നൽകിയ കവറുമായി കൗൺസിലർമാർ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്.
പ്രതിപക്ഷ കൗൺസിലർമാരാണ് പണക്കിഴി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം വിജിലൻസ് പ്രാഥമിക പരിശോധന നടത്തുകയും തൃക്കാക്കരയിലെത്തി കഴിഞ്ഞ ദിവസം തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പുലർച്ചെ രണ്ടുമണി വരെ പരിശോധന നീണ്ടു. ഈ പരിശോധനയിലാണ് ദൃശ്യങ്ങൾ വിജിലൻസ് പിടിച്ചെടുത്തത്.
കവറുമായി കൗൺസിലർമാർ പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഈ തെളിവ് കേസിൽ നിർണായകമാകും. സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അത് വേഗത്തിൽ തന്നെ ശേഖരിക്കേണ്ടതുണ്ടെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു.
ആരോപണം ഉയർന്നപ്പോൾ മുതൽ താൻ ഇത്തരത്തിൽ പണക്കിഴി നൽകിയിട്ടില്ലെന്ന വാദമാണ് ചെയർപേഴ്സൺ അജിത തങ്കപ്പൻ ഉയർത്തിയിരുന്നത്. എന്നാൽ ഭരണകക്ഷിയിലെ കൗൺസിലർമാർ അടക്കം തങ്ങൾക്ക് കവർ ലഭിച്ചുവെന്നും പിന്നീട് ഇത് തിരികെ നൽകിയെന്നും പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. എന്നാൽ അജിത തങ്കപ്പൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസ് നടത്തിയ അന്വേഷണത്തിലും സമാനമായ നിഗമനത്തിലാണ് പാർട്ടി എത്തിയിരുന്നത്.
അജിത തങ്കപ്പന്റെയും കൗൺസിലർമാരുടെയും മൊഴിയെടുക്കുക എന്നുളളതാണ് വിജിലൻസിന്റെ അടുത്ത നടപടി.
Content Highlights:Thrikkakkara Onam gift issue; Vigilance raid at municipality