ഇന്ത്യയിൽ ആദ്യമായി കൊവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. അന്ന് മുതൽ കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. രാജ്യത്ത് കൊവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. ബ്രേക്ക് ത്രൂ ഇൻ ഫക്ഷൻ പഠനം നടത്തുകയും ചെയ്തു.
പൊതുസ്ഥലങ്ങളിൽ പോകുന്നവരും ഓഫീസുകളിൽ ജോലിക്ക് പോകുന്നവരും തിരികെ വീടുകളിൽ എത്തുമ്പോൾ ജാഗ്രത പാലിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം കൂടിച്ചേരലുകൾ ഒഴിവാക്കണം. കൊവിഡ് വ്യാപനം ഒഴിവാക്കാൻ എല്ലാവരുടെയും ഭാഗത്ത് നിന്നും വ്യക്തിപരമായ ഇടപെടൽ ആവശ്യമാണ്. വാക്സിൻ സ്വീകരിക്കാത്ത 19 വയസിന് താഴെയുള്ള കുട്ടികളുടെ സുരക്ഷിതത്വം പരിഗണിക്കണം. അവരെ ഷോപ്പിങ്ങിന് ഉള്‍പ്പെടെ പുറത്തുകൊണ്ടു പോകാതിരിക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്കൊപ്പമുള്ള ബന്ധുവീടുകളുടെ സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ കൊവിഡിൻ്റെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെയാണ് ആരംഭിച്ചത്. ഈ രണ്ടാം തരംഗത്തിൽ ഒറ്റ ദിവസം ഏറ്റവും കൂടുതൽ കേസുകൾ ഉണ്ടായത് മേയ് മാസം 12നാണ്. അന്ന് 43,525 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ടിപിആർ 29.76 ശതമാനം ആയിരുന്നു. ടിപിആർ കുറച്ച് കൊണ്ടുവരാൻ അതിന് ശേഷവും നമുക്ക് സാധിച്ചു. പിന്നീട് ഈ ഘട്ടത്തിലാണ് വീണ്ടും രോഗികളുടെ എണ്ണം വർധിച്ചത്. 2020ലെ ഓണ ദിവസങ്ങളിൽ 1536 ഓളം രോഗികളാണുണ്ടായിരുന്നത്. എന്നാൽ സെപ്റ്റംബർ ആയപ്പോഴേക്കും അത് മൂന്നിരട്ടിയായി വർധിച്ചു. ഒക്ടോബറില്‍ രോഗികളുടെ എണ്ണം ഏഴിരട്ടിയായി വര്‍ധിച്ചു. 13,000ന് അടുത്ത് രോഗികളെത്തി. 1536ല്‍നിന്ന് അതിന്റെ ഏഴിരട്ടിയോളം വര്‍ധനയാണ് അന്ന് ഓണത്തിനു ശേഷമുണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ ആരോപണങ്ങളെ മന്ത്രി വിമർശിച്ചു. “കുറഞ്ഞ മരണനിരക്കാണ് കേരളത്തിലുള്ളത്. അത് കണക്കാക്കുന്നതിന് ചില അളവുകോലുകൾ ഉണ്ട്. കൊവിഡ് മരണവിവര പട്ടിക സുതാര്യമാണ്. പഴയ മരണവിവരം പ്രസിദ്ധീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എ.പി.എൽ പടികയിലുള്ളവർക്ക് പോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് പണം ഈടാക്കുന്ന ഉത്തരവ് സംബന്ധിച്ച അവ്യക്തത പരിശോധിക്കും. ജനറൽ വാർഡുകൾക്ക് പണം ഈടാക്കുന്നില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ നിർദേശം നൽകിയിട്ടുണ്ട്” – എന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിൽ ഇന്ന് 32,801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി. 1,95,254 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,30,198 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,491 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,69,946 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,545 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3101 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.