തിരുവനന്തപുരം
സംസ്ഥാനത്ത് 35 ശതമാനം പേർക്കും കോവിഡ് ബാധിക്കുന്നത് വീടുകളിൽനിന്നെന്ന് ആരോഗ്യ വകുപ്പിന്റെ പഠനം. നിലവിലെ കണക്കുപ്രകാരം വീടുകളിൽനിന്ന് രോഗബാധിതരാകുന്നവരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.ഒരാൾക്ക് കോവിഡ് വന്നാൽ പിന്നീട് വീട്ടിലെ എല്ലാവരും രോഗബാധിതരാകുന്ന അവസ്ഥയാണ്.
ഗാർഹിക സമ്പർക്കവിലക്ക് (ഹോം ക്വാറന്റൈൻ) കൃത്യമായി പാലിക്കാത്തതാണ് കാരണം. വീട്ടിൽ മതിയായ സൗകര്യമുള്ളവർ മാത്രമേ ഗാർഹിക സമ്പർക്കവിലക്കിൽ കഴിയാവൂ. അല്ലാത്തവർ തദ്ദേശസ്ഥാപനത്തിന് കീഴിലുള്ള പരിചരണ കേന്ദ്രങ്ങളിലേക്ക് മാറണം. രോഗം സ്ഥിരീകരിച്ച് വീടുകളിൽ കഴിയുന്നവർ മുറിയിൽനിന്ന് പുറത്തിറങ്ങരുത്. ഈ സമയം വീട്ടിലുള്ള എല്ലാവരും മാസ്ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്.