കൊല്ലം > അഞ്ചൽ ഏറം സ്വദേശി ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നത് അന്വേഷകസംഘം ഡമ്മിയിൽ പുനരാവിഷ്കരിച്ച വീഡിയോ പുറത്ത്. വനംവകുപ്പിന്റെ അരിപ്പ ഓഫീസിൽ 2020 ജൂലൈ 27ന് മൂർഖനെയും ആഗസ്ത് അഞ്ചിന് അണലിയെയും ഉപയോഗിച്ച് നടത്തിയ ഡമ്മി പരീക്ഷണത്തിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഉത്രയെ അണലിയെയും മൂർഖനെയും കൊണ്ട് കടിപ്പിച്ചെന്ന് കേസിലെ മുഖ്യപ്രതി സൂരജ് ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. ഇത് ശാസ്ത്രീയമായി തെളിയിക്കാനായിരുന്നു ഡമ്മി പരീക്ഷണം. പരീക്ഷണദൃശ്യം അന്വേഷകസംഘം പുനലൂർ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.
പകർപ്പ് പ്രതിഭാഗം അഭിഭാഷകനും കൈമാറി. വീഡിയോ എങ്ങനെ പുറത്തായെന്ന് അറിയില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ക്രൈംബ്രാഞ്ച് റിട്ട. ഡിവൈഎസ്പി എ അശോകൻ പറഞ്ഞു. 2020 മെയ് ഏഴിനാണ് ഉത്രയെ അഞ്ചൽ ഏറത്തെ വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻ കടിച്ചു മരിച്ചനിലയിൽ കണ്ടത്.