എടക്കര > കവളപ്പാറ പുനരധിവാസത്തിന്റെ ഭാഗമായി 26 കുടുംബങ്ങൾക്കുകൂടി 10 ലക്ഷം രൂപവീതം ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവായി. 2.60 കോടി രൂപയാണ് അനുവദിച്ചത്.
2019ലെ കവളപ്പാറ ദുരന്തത്തിനിരയായ പോത്തുകല്ല് വില്ലേജിലെ 127 കുടുംബങ്ങൾക്ക് ഭൂമിയും വീടും നിർമിക്കാൻ 10 ലക്ഷം രൂപവീതം സർക്കാർ അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ് കവളപ്പാറയിലെ അപകടഭീഷണിയുള്ള പ്രദേശങ്ങളിലെ 26 കുടുംബങ്ങളെക്കൂടി പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിച്ചത്. ജിയോളജി വകുപ്പിന്റെ റിപ്പോർട്ടിൽ മാറ്റിപ്പാർപ്പിക്കാൻ നിർദേശിച്ച കുടുംബങ്ങൾക്കാണ് സഹായധനം അനുവദിച്ചത്. ആറു ലക്ഷം രൂപ സ്ഥലം വാങ്ങാനും നാലു ലക്ഷം വീട് നിർമിക്കാനുമായാണ് വകയിരുത്തിയത്.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുമാണ് തുക അനുവദിച്ചത്. 2019 ആഗസ്ത് എട്ടിനായിരുന്നു 59 പേരുടെ ജീവൻ അപഹരിച്ച കവളപ്പാറയിലെ ഉരുൾപൊട്ടൽ ദുരന്തം. കവളപ്പാറ പുനരധിവാസത്തിന്റെ ഭാഗമായി 153 കുടുംബങ്ങൾക്കാണ് ഭൂമിക്കും വീടിനുമായി സർക്കാർ സഹായം ലഭ്യമാക്കിയത്.