മതസ്പർദ്ധ വളർത്തുന്ന തരത്തിലും സമൂഹങ്ങൾക്കിടയിൽ ശത്രുത വളർത്തുക എന്ന ഉദ്ദേശത്തോടെയും വർഗീയ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന ഹിന്ദു-മുസ്ലിം സമൂഹങ്ങൾക്കിടയിൽ ശത്രുതയും വൈര്യവും സൃഷ്ടിക്കുന്ന തരത്തിലുള്ളതും കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നും പരാതിയിൽ പറയുന്നു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ നേതാവാണെന്നും ‘മാപ്പിള ലഹള’ ഹിന്ദു വിരുദ്ധ കലാപമായിരുന്നുവെന്നുമാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. കൂടാതെ ജമാഅത്തെ ഇസ്ലാമി കേരളത്തിൽ താലിബാനിസം നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും കണ്ണൂരിൽ അറസ്റ്റിലായ യുവതികളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തത് ജമാഅത്തെ ഇസ്ലാമിയാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു.
വാരിയംകുന്നത്തിന്റെ നേതൃത്വത്തിലുള്ള മാപ്പിള ലഹള സ്വാതന്ത്ര്യ സമരമെന്നു പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോടു കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അത് കർഷക സമരമൊന്നും ആയിരുന്നില്ലെന്നും ഹിന്ദുവേട്ടയായിരുന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കലാപം മൂലം ഇഎംഎസിന്റെ കുടുംബത്തിന് പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഇഎംഎസിന്റെ സ്വാതന്ത്ര്യ സമരമെന്ന സമ്പൂർണ്ണ ഗ്രന്ഥം വാരിയംകുന്നത്തിന് സ്മാരകം ഉണ്ടാക്കാൻ പോകുന്ന പിഎ മുഹമ്മദ് റിയാസ് വായിക്കണമെന്നുമാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്.