തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വേണ്ടി വിവിധ കേസുകളിൽ വാദിക്കാനായി അഭിഭാഷകരെ നിയോഗിച്ച വകയിൽ ചെലവായ തുകയിൽ വൈരുധ്യം. അഡ്വക്കേറ്റ് ജനറൽ ഓഫിസിൽ നിന്ന് വിവരവകാശനിയമ പ്രകാരം ലഭിച്ച മറുപടിയിൽ അഭിഭാഷക ഫീസ് ഇനത്തിൽ 5.03 കോടിയാണ് സർക്കാരിന് ചെലവായത്. കെ.പി.സി.സി സെക്രട്ടറി അഡ്വ.സി.ആർ പ്രാണകുമാർ വിവരാവകാശ നിയമപ്രകാരം അഡ്വക്കേറ്റ് ജനറൽ ഓഫിസിൽ നിന്നും ശേഖരിച്ച വിവരങ്ങൾ പ്രകാരം അഭിഭാഷകരുടെ വിമാന യാത്ര, താമസം, ഭക്ഷണ ചെലവ് എന്നിവയ്ക്കായി 5,03,40,000 രൂപയാണ് ചെലവായത് എന്നാണ് കാണിക്കുന്നത്.
എന്നാൽ സമാനമായ ചോദ്യത്തിന് നിയമസഭയിൽ മന്ത്രി രാജീവ് നൽകിയ മറുപടി പ്രകാരം അഭിഭാഷക ഫീസ് 18.97 കോടിയാണ്. കെ.കെ.രമ എംഎൽഎയുടെ ചോദ്യത്തിനാണ് മന്ത്രി ജൂലൈ 22 ന് നിയമസഭയിൽ നൽകിയ മറുപടിയിൽ 18,97,89,823 രൂപയാണ് ആകെ ചെലവായതെന്ന് പറയുന്നു. 2021 മെയ് 31 വരെയുള്ള കണക്കാണിത്.
ഇതേ കാലയളവിലെ ചോദ്യത്തിനാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ നിന്ന്5.03 കോടിയുടെ കണക്ക് വന്നിരിക്കുന്നത്. അഭിഭാഷകർക്ക് നൽകിയ ഫീസ് ഇനത്തിൽ ഇത്രയധികം തുകയുടെ വൈരുധ്യം ഉണ്ടായത് സംശയകരമാണ്. മന്ത്രി നിയമസഭയിൽ പറഞ്ഞത് കണക്കിലെടുത്താൽ അഡ്വക്കേറ്റ് ജനറൽ ഓഫിസ് കള്ളം പറഞ്ഞുവെന്ന് കണക്കാക്കേണ്ടി വരും.
അതേസമയം, ഏറെ കോളിളക്കമുണ്ടാക്കിയ പെരിയ കേസിലും ഷുഹൈബ് കേസിലും അഭിഭാഷക ഫീസിനത്തിലും വിമാന, താമസ ഭക്ഷണചെലവിനും വേണ്ടി മുടക്കിയത് 1.77 കോടിയാണെന്ന് അഡ്വക്കേറ്റ് ജനറൽ ഓഫിസ് നൽകിയ മറുപടിയിൽ പറയുന്നു. അഡ്വക്കേറ്റ് ജനറൽ ഓഫിസ് നൽകിയ വിവരത്തിലെ 5.03 കോടിയിൽ ഏറ്റവും കൂടുതൽ ചെലവായത് ഈ കേസുകളിലാണ്.
സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന കണക്കുകളാണിത്. സിപിഎം പ്രവർത്തകർ പ്രതിസ്ഥാനത്തുള്ള കേസുകളിൽ പൊതുഖജനാവിൽ നിന്ന് സർക്കാർ ചെലവഴിച്ച തുകയാണ് ഇത്.
Content Highlights: How much money are the government spending for hiring advocates