തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ വഴിയോരത്ത് വിൽപ്പനയ്ക്ക് വെച്ചവയോധികയുടെമീൻ പോലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി. മീൻ വിൽക്കാൻ പാടില്ലെന്ന് പറഞ്ഞ് കരമന പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ മീൻറോഡിലേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് വലിയതുറ സ്വദേശിനി മരിയ പുഷ്പം ആരോപിച്ചു. ആറ്റിങ്ങലിൽ നഗരസഭാ ജീവനക്കാർ മീൻ തട്ടിത്തെറിപ്പിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് കരമനയിലും സമാന സംഭവം ആവർത്തിച്ചത്.
ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കരമന പാലത്തിന് സമീപം മത്സ്യം വിൽക്കുകയായിരുന്ന പുഷ്പത്തോട് ഇതുവഴി വന്ന രണ്ട് പോലീസുകാർ ഇവിടെനിന്നും മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മാറാൻ കഴിയില്ലെന്നും ഉപജീവന മാർഗം തടസപ്പെടുത്തരുതെന്നും പുഷ്പം പോലീസിനോട് അഭ്യർഥിച്ചു. ഇതിൽ പ്രകോപിതരായ പോലീസ് ഉദ്യോഗസ്ഥർ മീൻകുട്ട റോഡിലേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് പുഷ്പം ആരോപിച്ചു.
സംഭവ സ്ഥലത്ത് തടിച്ചൂകൂടിയ നാട്ടുകാർ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇത് ഗതാഗതതടസത്തിനും വഴിവെച്ചു. ഇതോടെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസെത്തി നാട്ടുകാരുമായി ചർച്ച നടത്തി. ഉത്തരവാദികൾക്കെതിരേ നടപടിയുണ്ടാകുമെന്ന് പോലീസ് ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
content highlights:police knocked over fish basket, fisher women complaint against police