കൊച്ചി: ക്രിസ്ത്യൻ നാടാർ സംവരണം സ്റ്റേ ചെയ്തതിനെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പുതിയ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സിംഗിൾ ബെഞ്ച് വിശദമായി കാര്യങ്ങൾ പരിഗണിക്കട്ടെയെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.
നാടാർ സംവരണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവാണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ ചോദ്യം ചെയ്തത്. എന്നാൽ സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കാൻ തയ്യാറായില്ല. നിലവിൽ വിഷയത്തിൽ ഇടക്കാല ഉത്തരവാണ് സിംഗിൾ ബെഞ്ചിൽ നിന്ന് ഉണ്ടായിരിക്കുന്നത്. അതിനാൽ അന്തിമ തീർപ്പും സിംഗിൾ ബെഞ്ച് തന്നെ എടുക്കട്ടെയെന്നതാണ് ഡിവിഷൻ ബെഞ്ചിന്റെ നിലപാട്.
പുതിയ ഭരണഘടനാ ഭേദഗതിയിലെ നിർദേശങ്ങളും ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിന്റെ പകർപ്പും അടക്കം സർക്കാർ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. പുതിയ രേഖകളുടെ അടിസ്ഥാനത്തിൽ സിംഗിൾ ബെഞ്ച് തന്നെ വിഷയത്തിൽ തീരുമാനം എടുക്കട്ടെയെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതിനായി സർക്കാരിന് പുതിയ അപേക്ഷ സിംഗിൾ ബെഞ്ചിൽ സമർപ്പിക്കാമെന്നും കേസ് വേഗത്തിൽ കേൾക്കാൻ നിർദേശിക്കാമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ സിംഗിൾ ബെഞ്ചിൽ പുതിയ അപേക്ഷ നൽകും. ലോക്സഭയിൽ അവതരിപ്പിച്ച പുതിയ ബില്ലിന്റെ പശ്ചാത്തലത്തിൽ നാടാർ സംവരണ വിഷയത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ സ്റ്റേ നിലനിൽക്കില്ലെന്ന വാദമായിരിക്കും സർക്കാർ സ്വീകരിക്കുക.
content highlights:nadar community reservation, high court division bench dismissed state government appeal