തിരുവനന്തപുരം > സ്വാതന്ത്ര്യ സമര രക്തസാക്ഷികളിൽനിന്ന് വാരിയംകുന്നനെ ഒഴിവാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സ്പീക്കർ എം ബി രാജേഷ്. മലബാർ കലാപം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും, ജന്മിത്വത്തിനും എതിരായ സമരമാണ്. എന്നാൽ പലഘട്ടങ്ങളിലും സമരത്തിന് വഴിപിഴക്കലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിന്റെ അടിസ്ഥാനത്തിലല്ല മലബാർ കലാപത്തെ വിലയിരുത്തേണ്ടത് രാജേഷ് പറഞ്ഞു.
എന്നാൽ പിന്നീട് 1940 കൾക്കുശേഷം വടക്കേ മലബാറിൽ ഉയർന്നുവന്ന കർഷക സമരങ്ങൾക്ക് വഴിപിഴക്കലുകൾ ഉണ്ടായിട്ടില്ല. കാരണം അതിനൊരു മാർക്സിസത്തിന്റെ ദാർശനിക അടിത്തറ ഉണ്ടായിരുന്നു. രാഷ്ട്രീയ നേതൃത്വമുണ്ടായിരുന്നു. വർഗീയമായിട്ടുള്ള വഴിതെറ്റലുകൾ മലബാർ കലാപത്തിന്റെ ദൗർബല്യങ്ങളായിരുന്നു. കർഷക സമരങ്ങൾക്ക് അതുണ്ടായില്ല.
മലബാര് സമരവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകള്ക്ക് എതിരെ മനപ്പൂര്വം വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങള് നടക്കുന്നതായും വിവാദം മുതലെടുപ്പികാരെ മാത്രമേ സഹായിക്കു എന്നും സ്പീക്കര് മാധ്യമങ്ങളോട് പറഞ്ഞു. വിവാദമല്ല സംവാദമാണ് ഇക്കാര്യത്തിൽ വേണ്ടത്. സ്പീക്കർ എന്നാൽ സന്യാസിയല്ല. പൊതുവിഷയങ്ങളിൽ നിലപാട് പറയും. കക്ഷി രാഷ്ട്രീയ കാര്യങ്ങളിൽ പ്രതികരിക്കാനില്ല. എല്ലാ പൗരനുമുള്ള അവകാശങ്ങൾ സ്പീക്കർക്കുമുണ്ട് – രാജേഷ് പറഞ്ഞു.