മഞ്ചേരി > എടക്കര പോത്തുകല്ലില് പ്രായപൂര്ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച കേസില് പിതാവിന് ഇരട്ട ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. 55കാരനായ പിതാവിനെയാണ് മഞ്ചേരി പോക്സോ സ്പെഷ്യല് കോടതി ജഡ്ജി പി ടി പ്രകാശന് ശിക്ഷിച്ചത്. പോക്സോ, ബലാല്സംഘം, ഭീഷണിപെടുത്തല് എന്നീ വകുപ്പുകള് പ്രകാരമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില് രണ്ടുവര്ഷം വീതം അധികം തടവ് അനുഭവിക്കണം. ശിക്ഷ ഒരേ കാലയളവില് അനുഭവിച്ചാല് മതി. പ്രതി പിഴയില് നിന്ന് രണ്ടു ലക്ഷം മകള്ക്ക് നഷ്ടപരിഹാരമായി നല്കണം. മൂത്ത മകള് നല്കിയ കേസിലാണ് വിധി.
കേസില് 17 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകളും പ്രോസിക്യൂഷന് ഹാജരാക്കി. സ്വന്തം മകളോട് പോലും ദയകാണിക്കാത്ത പ്രതിക്ക് കോടതിയുടെ ദയക്ക് അര്ഹനല്ലെന്ന് പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു.
ഇളയ മകളെ പീഡിപ്പിച്ച കേസില് 13നാണ് ഇതേ കോടതി ശിക്ഷ വിധിച്ചത്. ആജീവനാന്തം ജീവപര്യന്തം തടവും 2.10 ലക്ഷം രൂപ പിഴയുമായിരിന്നു ശിക്ഷ. കുട്ടിയെ പലതവണ പീഡിപ്പിച്ച കുറ്റത്തിന് പോക്സോ നിയമപ്രകരം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിതാവ്തന്നെ സ്വന്തം മകളെ പീഡിപ്പിച്ചതിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ജുവൈനല് ജസ്റ്റിസ് നിയമപ്രകാരം മൂന്ന് വര്ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കുട്ടിയെ ഭീഷണിപെടുത്തിയ കുറ്റത്തിന് രണ്ടുവര്ഷം കഠിനതടവും അനുഭവിക്കണം. പ്രതിയെ മഞ്ചേരി സ്പെഷ്യല് സബ്ജയിലിലേക്ക് മാറ്റി.
2014-16 വര്ഷത്തിലാണ് കേസിനാസ്പദമായ സംഭവം. 16, 17 വയസുള്ള പെണ്കുട്ടികളെ തടവില്പാര്പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്. വീട്ടില് നിന്ന് രക്ഷപെട്ട പെണ്കുട്ടികള് ബന്ധുവീട്ടില് താമസമാക്കിയ മാതാവിനോട് പീഡന വിവരം തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രോസിക്യൂഷന്വേണ്ടി അഡ്വ. എ സോമസുന്ദരന് ഹാജരായി.