തിരൂർ > കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്തുകണ്ട ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു തിരൂർ പറവണ്ണ ബ്ലോക്ക് ഡിവിഷനിൽനിന്നും വിജയിച്ച വി തങ്കമണി തന്റെ രാഷ്ട്രീയ ഗുരുവായ കുഞ്ഞുമോനാക്കയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവയ്ക്കുന്ന ചിത്രം. വെട്ടത്ത് നാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയോടൊപ്പം ചേര്ത്തെഴുതുന്ന കെ ടി കുഞ്ഞുമൊയ്ദീൻ കുട്ടി (80) എന്ന കുഞ്ഞുമോനാക്ക കഴിഞ്ഞദിവസം വിടപറഞ്ഞു.
അവിഭക്ത കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനായി തുടങ്ങി, പുരോഗമന പ്രസ്ഥാനത്തിന് വെട്ടത്തുനാട്ടിൽ ഊടും പാവും മെനഞ്ഞ കമ്യൂണിസ്റ്റാണദ്ദേഹം. ജാഥയോ പ്രകടനമോ നടക്കുമ്പോൾ കുഞ്ഞുമോനാക്കയുടെ ഉച്ചത്തിലുള്ള മുദ്രാവാക്യം വെട്ടത്തെ കമ്യൂണിസ്റ്റ് പാർടിയുടെ അടയാളമായിരുന്നു.
സിപിഐ എം രൂപീകരണ സമയത്ത് പാർടിക്കൊപ്പംനിന്ന് കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് പാർടിയുടെ കൂടെ അണിനിരത്തി. വെട്ടം മേഖലയിലെ പാർടിയുടെ ആദ്യകാല ബ്രാഞ്ചുകളിലൊന്നായ കാനൂർ ബ്രാഞ്ചായിരുന്നു പ്രവർത്തനമേഖല. സിപിഐ എമ്മിന്റെ ആദ്യ വെട്ടം ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ച സഖാവ്, മൂന്നു പതിറ്റാണ്ട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.
ആദ്യകാല നേതാക്കളായ അച്ചുതൻ നമ്പൂതിരി, പി പി അബ്ദുള്ളക്കുട്ടി, കെപിഒ, ബാപ്പു ഹാജി, വി വി സി ഉമ്മർ തുടങ്ങി അനവധി നേതാക്കളുടെ കൂടെ പ്രവർത്തിച്ച് പാർടി ശക്തിപ്പെടുത്തി. വെട്ടം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കാലത്ത് പ്രവാസിയായി ജോലി ചെയ്യേണ്ടിവന്നു. എന്നാല് വിദേശത്തും ജനസേവനം തുടര്ന്നു. നാട്ടില് തിരിച്ചെത്തി കാനൂർ ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവില് പാർടിയുടെ ഈസ്റ്റ് അരിക്കാഞ്ചിറ ബ്രാഞ്ച് അംഗമായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില് പറവണ്ണ ബ്ലോക്ക് ഡിവിഷനിൽനിന്നും വിജയിച്ച വി തങ്കമണി തന്റെ രാഷ്ട്രീയ ഗുരുവായ കുഞ്ഞുമോനാക്കയെ കാണാനെത്തിയിരുന്നു. ഇരുവരുടെയും ഹൃദയബന്ധം തുറന്നുകാട്ടുന്ന ഈ സമാഗമ ചിത്രം സമൂഹമാധ്യമങ്ങള് ഏറ്റെടുത്തിരുന്നു.