തിരുവനന്തപുരം: ഐപിആർ അടിസ്ഥാനമാക്കി സംസ്ഥാനത്തെ ട്രിപ്പിൾ ലോക് ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർനിശ്ചയിക്കും. രോഗവ്യാപനം രൂക്ഷമായതിനാൽ കൂടുതൽ വാർഡുകൾനിയന്ത്രണ പരിധിയിലാവും. വാക്സിനേഷൻ കുറവുള്ള ജില്ലകളിൽ ഇന്ന് മുതൽ കോവിഡ് പരിശോധന വ്യാപകമാക്കും.
രോഗബാധ-ജനസംഖ്യാ അനുപാതം എട്ടിന് മുകളിലുള്ള 414 തദ്ദേശ വാർഡുകളിലാണ് കഴിഞ്ഞ ആഴ്ച ലോക് ഡൗൺ നടപ്പാക്കിയിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒരാഴ്ചക്കിടെ രോഗസ്ഥിരീകരണ നിരക്കിൽ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ടായി. ഇന്നലെ ടിപിആർ 18 ശതമാനം കടന്നു.ഐപിആർ 8ന് മുകളിലുള്ള വാർഡുകൾ വർദ്ധിച്ചു. അതിനാൽ ഈ ആഴ്ച കൂടുതൽ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കും. മൈക്രോ കണ്ടെയെൻമെന്റ് സോണുകളും കൂടും.
കഴിഞ്ഞദിവസം നടന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനമനുസരിച്ച് പരിശോധനയും വാക്സിനേഷനും വർദ്ധിപ്പിക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. വാക്സിനേഷൻ കാര്യമായി പുരോഗമിക്കുന്ന വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ രോഗലക്ഷണമുള്ളവരെ പരിശോധിക്കും. മറ്റ് ജില്ലകളിൽ വ്യാപകപരിശോധനക്കാണ് നിർദ്ദേശം.
വാക്സിനേഷൻ ഊർജ്ജിതമാക്കി അടുത്തമാസത്തോടെ എല്ലാവർക്കും ആദ്യഡോസ് വാക്സിൻ നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.ഇതിനായി ജില്ലാതലത്തിൽ പദ്ധതി തയ്യാറാക്കും. കെ.എം.എസ്.സി.എൽ വാങ്ങിയ 10 ലക്ഷം ഡോസ് വാക്സിൻ സ്വകാര്യ ആശുപത്രികൾവഴി വിതരണംചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും.
Content Highlights:covid 19 tpr rate increases in kerala