തിരുവനന്തപുരം: സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീൽഡ് വാക്സിനും 96,280 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്.
തിരുവനന്തപുരം 1,72,480, എറണാകുളം 2,00,530, കോഴിക്കോട് 1,36,390 എന്നിങ്ങനെ ഡോസ് കോവിഷീൽഡ് വാക്സിനും തിരുവനന്തപുരം 32,600, എറണാകുളം 37,900, കോഴിക്കോട് 25,780 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണെത്തിയത്. ഇതുകൂടാതെ കെ.എം.എസ്.സി.എൽ. മുഖേന സംസ്ഥാനം വാങ്ങിയ 10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും ലഭ്യമായിട്ടുണ്ട്.
വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 3,13,868 പേർക്ക് വാക്സിൻ നൽകി. 1,143 സർക്കാർ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1519 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 2,65,82,188 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,95,36,461 പേർക്ക് ഒന്നാം ഡോസ് വാക്സിനും 70,45,727 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.
2021ലെ പ്രൊജക്ടഡ് പോപ്പുലേഷൻ അനുസരിച്ച് 55.19 ശതമാനം പേർക്ക് ഒന്നാം ഡോസും 19.90 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 68.07 ശതമാനം പേർക്ക് ഒന്നാം ഡോസും 24.55 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
content highlights:kerala gets 6.06 lakh dose more vaccine