കണ്ണൂർ > മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ഈ കേസിൽ പ്രതിപക്ഷ നേതാവിന് എന്തെങ്കിലും തെളിവ് കിട്ടിയിട്ടുണ്ടെങ്കിൽ അത് ബന്ധപ്പെട്ടവർക്ക് കൈമാറട്ടെ. അല്ലാതെ പുകമറ സൃഷ്ടിക്കുകയല്ല വേണ്ടതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കരിപ്പൂർ സ്വർണക്കടത്ത് ഉൾപ്പെടെ ഏത് വിഷയമായാലും തെറ്റായ ഒരു കാര്യത്തിനും സിപിഐ എം കൂട്ടുനിൽക്കില്ലെന്നും കോടിയേരി പറഞ്ഞു. ലക്ഷക്കണക്കിന് അനുഭാവികളുള്ള പാർടിയിൽ ഏതെങ്കിലും ഒരുവ്യക്തി ചെയ്യുന്ന തെറ്റിന്റെ പേരിൽ സിപിഐ എമ്മിനെ അടിക്കാൻ നോക്കേണ്ട. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായാൽ തെറ്റ് ചെയ്തവരെ ഒരുകാരണവശാലും പാർടി സംരക്ഷിക്കില്ല.
കണ്ണൂരിലെ പാർടിയിൽ ഒരു പ്രശ്നവുമില്ല. എല്ലാം മാധ്യമ സൃഷ്ടിയാണ്. അങ്ങനെ പ്രശ്നം ഉണ്ടാക്കാൻ മാധ്യമങ്ങൾ നോക്കേണ്ട. പാർടി ഇവിടെ ഒരു അച്ചടക്ക നടപടിയും എടുത്തിട്ടില്ല. ഉണ്ടെങ്കിൽ മാധ്യമങ്ങളെ അറിയിക്കും. നേതാക്കൾ തമ്മിൽ തർക്കമില്ല. ആരും ആർക്കെതിരെയും കത്തു നൽകിയിട്ടില്ല; ഞങ്ങൾക്ക് കിട്ടിയിട്ടുമില്ല –- കോടിയേരി വ്യക്തമാക്കി.