കൊച്ചി > ഇന്ത്യൻ ഫുട്ബോൾ താരവും മുൻ ക്യാപറ്റനുമായിരുന്ന മലയാളി ഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ (85)അന്തരിച്ചു. 1960ലെ റോം ഒളിമ്പിക്സിൽ മത്സരിച്ച ഇന്ത്യൻ ടീം അംഗവും 1962 എഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീം അംഗവുമായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം.
1958 മുതൽ 1966 വരെ ദേശീയ കുപ്പായത്തിൽ കളിച്ച ചന്ദ്രശേഖരൻ എഷ്യൻ കപ്പ്, മെർദേക്ക കപ്പ് എന്നി ടൂർണമെന്റുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. ഇരിഞ്ഞാലക്കുടയിലാണ് ജനനം. ഇരിങ്ങാലക്കുട ഗവ. ഹൈസ്കൂളിലും തൃശൂർ സെന്റ് തോമസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ബോംബെ കാൾട്ടക്സിനായി കളിച്ചു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റൻ ജനറൽ മാനേജറായി വിരമിച്ചു.
ഇന്ത്യൻ ഫുട്ബോളിലെ സുവർണനിരയുടെ പ്രതിരോധത്തിലെ വിശ്വസ്തനായിരുന്നു. 1962ലെ ഏഷ്യൻ കപ്പിലും 1959, 1964 വർഷങ്ങളിൽ മെർദേക്ക ഫുട്ബോളിലും വെള്ളി നേടിയ ടീം അംഗമായിരുന്നു. 1956-1966 വർഷങ്ങളിൽ മഹാരാഷ്ട്രയ്ക്കായി സന്തോഷ് ട്രോഫി കളിച്ചു. 1963ൽ ക്യാപ്റ്റനായി കിരീടവും നേടി.
ഒളിമ്പിക്സ്, ഏഷ്യാ കപ്പ്, ഏഷ്യന് ഗെയിംസ്, ഡ്യൂറന്ഡ് കപ്പ്, സേഠ് നാഗ്ജി, ചാക്കോള ട്രോഫി എന്നിങ്ങനെ നിരവധി ടൂര്ണമെന്റുകളില് നിറസാന്നിധ്യമായിരുന്ന ഒ ചന്ദ്രശേഖരന് 1969ല് ബൂട്ടഴിച്ചു.