അധികാരങ്ങൾ ലക്ഷ്യമാക്കി അംഗബലം വർധിപ്പിക്കാനുള്ള സമുദായങ്ങളുടെ നീക്കം അംഗീകരിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ഏത് സമുദായം ആണെങ്കിലും ഇതാകും തൻ്റെ മറുപടിയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകുമെന്ന പാലാ – പത്തനംതിട്ട രൂപതകളുടെ നിലപാടിലാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
കേരളത്തിൽ തീവ്രവാദ ഭീഷണിയുണ്ടെന്ന തിരിച്ചറിവ് ലോക്നാഥ് ബെഹ്റയ്ക്ക് ഉണ്ടായത് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിച്ചപ്പോഴാണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. വൈകിവന്ന വിവേകമാണ് അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്. സംസ്ഥാനത്തിന് തിവ്രവാദ ഭീഷണിയുണ്ടെന്ന് മുൻപ് ഞാൻ പറഞ്ഞിട്ടുണ്ട്. സത്യം തുറന്ന് പറയാൻ ബെഹ്റയ്ക്ക് കൂടുതൽ കാലം ആവശ്യമായി വന്നുവെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി പറഞ്ഞു.
ജനങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞ് കൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തിയതോടെയാണ് സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയത്. ആദ്യ സർക്കാരിൻ്റെ കാലം മോശം പരിതസ്ഥിതിയിലായിരുന്നുവെങ്കിലും പെൻഷൻ, കിറ്റ് എന്നീ ആനുകൂല്യങ്ങൾ നൽകി സാധാരണക്കാരുടെ മനസിൽ ഇടം പിടിക്കാൻ സർക്കാരിനായി. ഇതിനുള്ള ജനങ്ങളുടെ നന്ദി പ്രകടനമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.