തിരുവനന്തപുരം
ജയിലിൽ ഗ്രീൻപീസ് കറികൂട്ടി ഇനി ഉപ്പുമാവ് കഴിക്കാം. കുട്ടിക്കുറ്റവാളികൾക്ക് ചായക്കൊപ്പം മധുരമൂറും കൊഴുക്കട്ടയും രുചിക്കാം. ഉപ്പുമാവ് ആവശ്യത്തിന് ലഭിക്കും. ഉപ്പ് പാകത്തിന് മതി. അളവ് കുറച്ചു. സംസ്ഥാനത്തെ തടവുകാരുടെ ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തി ഡയറ്റ് സ്കെയിൽ സർക്കാർ പരിഷ്കരിച്ചു.
പഴത്തിന് പകരമാണ് ഗ്രീൻപീസ് കറി. ചോറും കപ്പയും പാഴാകുന്നതിനാൽ അളവ് കുറച്ചു. ബോസ്റ്റൽ സ്കൂളുകളിലെ അന്തേവാസികൾക്ക്(കുട്ടിക്കുറ്റവാളികൾ) വൈകിട്ടാണ് ചായക്കൊപ്പം കൊഴുക്കട്ട നൽകുക. അര നൂറ്റാണ്ടിനിടെ ആദ്യമായാണ് ബോസ്റ്റൽ സ്കൂളുകളിലെ ഡയറ്റ് സ്കെയിൽ പരിഷ്കരിക്കുന്നത്. തടവുകാരുടെ ഡയറ്റ് മെനുവും ഭക്ഷ്യധാന്യങ്ങളുടെ അളവായ ഡയറ്റ് സ്കെയിലും പരിഷ്കരിക്കാൻ ജയിൽ വകുപ്പ് നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് തീരുമാനം. ഐസിഎംആർ മാർഗനിർദേശ പ്രകാരമാണ് ഡയറ്റ് സ്കെയിൽ തയ്യാറാക്കിയത്.
ഒരു തടവുകാരന് ദിവസം 450 ഗ്രാം അരിയാണ് അനുവദിച്ചിരുന്നത്. ഇത്രയും അരി ആവശ്യമില്ലെന്നാണ് കണ്ടെത്തൽ. ചോറ് പാഴാകുന്നു. അതിനാൽ അരിയുടെ അളവ് 400 ഗ്രാമാക്കി. ഉപ്പ് നാൽപ്പതിൽനിന്ന് 20 ഗ്രാമായും കപ്പ 340ൽനിന്ന് 250 ഗ്രാമായും കുറച്ചു. രാത്രി പുഴുക്കുണ്ടാക്കാനാണ് കപ്പ. റവയുടെ അളവ് നൂറ്റമ്പതിൽനിന്നും 200 ഗ്രാമായി കൂട്ടി. ആഴ്ചയിൽ മൂന്ന്ദിവസം പ്രഭാത ഭക്ഷണം ഉപ്പുമാവാണ്.
ബോസ്റ്റൽ സ്കൂളിൽ ഡയറ്റ് മെനുപ്രകാരം ഓരോ അന്തേവാസിക്കും 2130 കലോറിയാണ് ദിവസത്തെ ഭക്ഷണം. എന്നാൽ 2320 കലോറിയടങ്ങിയ ഭക്ഷണം നൽകാനാണ് പുതിയ ശുപാർശ. ദോശ/ഇഡ്ഡലി അരിയുടെ അളവ് നൂറിൽനിന്ന് 120 ഗ്രാമായും ഉഴുന്ന് നാൽപ്പതിൽനിന്നും 50 ഗ്രാമായും വർധിപ്പിച്ചു. ഉപ്പുമാവിനൊപ്പം 40 ഗ്രാം ഗ്രീൻപീസ് കറി ഉൾപ്പെടുത്തി. കൊഴുക്കട്ടയ്ക്ക് 40 ഗ്രാം അരി, 10 ഗ്രാം ശർക്കര, അഞ്ച് ഗ്രാം തേങ്ങ/അവൽ എന്നിവയും ഉൾപ്പെടുത്തി.