പമ്പ: നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകൾക്കുമായി തുറന്ന ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രനട ഇന്ന് രാത്രി 9 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. ചതയം ദിനമായ തിങ്കാളാഴ്ച പുലർച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറന്നത്. തുടർന്ന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടന്നു. ഉഷപൂജ, നെയ്യഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയും ഉണ്ടായിരുന്നു.
വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം പടിപൂജയും പുഷ്പാഭിഷേകവും നടന്നു. ചതയം ദിനത്തിലും ഭക്തർക്കായി ഓണസദ്യ ഒരുക്കിയിരുന്നു. മാളികപ്പുറം മേൽശാന്തിയുടെ വകയായിരുന്നു ചതയ ദിനത്തിലെ ഓണസദ്യ. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ചെയർമാൻ വൈ. വി. സുബ്ബ റെസ്റ്റി, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി. മോഹൻ ദാസ്, ഗുരുവായൂർ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ബ്രീജാകുമാരി എന്നിവർ ശബരിമലയിൽ എത്തി കലിയുഗവരദ ദർശനം നടത്തി.
ഉച്ചപൂജ കണ്ട് തൊഴുതശേഷം ഓണസദ്യയും കഴിച്ചാണ് ചെയർമാൻമാർ മടങ്ങിയത്. അന്നദാന മണ്ഡപം സന്ദർശിച്ച തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ അന്നദാനവിതരണത്തിലെ പ്രവർത്തനങ്ങളും വിലയിരുത്തി.
ചിങ്ങമാസത്തിലെ പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട തിങ്കളാഴ്ച രാത്രി 9-ന് ഹരിവരാസനം പാടി അടയ്ക്കും. സെപ്റ്റംബർ 16-ന് വൈകുന്നേരം 5-ന് ആയിരിക്കും കന്നിമാസ പൂജകൾക്കായി തുറക്കുക. 21-ന് ക്ഷേത്രനട അടയ്ക്കും.
Content Highlights:sabarimala temple will close today evening














