തൃശൂര്> ഈയാണ്ട് കുമ്മാട്ടി മാത്രമല്ല, എല്ലാര്ക്കും മുഖമറയാണ്. മഹാമാരി മുഖമറ തീര്ത്തകാലത്തും കുമ്മാട്ടിക്ക് തുള്ളാതിരിക്കാനാവില്ല. പച്ച പര്പ്പടകപ്പുല്ല് ദേഹത്ത് വരിഞ്ഞുകെട്ടി, മുഖംമറച്ച് മുഖങ്ങള് ചാര്ത്തി കുമ്മാട്ടികള് തുള്ളി ചാടി. ‘തള്ളേ തള്ളേ എങ്ങട്ട് പോണൂ, ഭരണിക്കാവില് നെല്ലിനു പോണൂ..
അവിടുത്തെ തമ്പ്രാന് എന്ത് പറഞ്ഞു, തല്ലാന് വന്നു കുത്താന് വന്നു.. ‘ എന്നിങ്ങനെ കുമ്മാട്ടിപാട്ടുകള് പാടി. താളമേളത്തിനൊത്ത് നൃത്തം ചവിട്ടി. അത് നവമാധ്യമങ്ങള് വഴി ജനങ്ങളേറ്റുവാങ്ങി.
കുമ്മാട്ടിയുടെ ഈറ്റില്ലമായ കിഴക്കുപാട്ടുകരയിലെ വടക്കുമുറി കുമ്മാട്ടിയാണ് മൂന്നോണനാളില് ചടങ്ങായി നടത്തിയത്. കുഴക്കുംപാട്ടുകര പനമുക്ക് പിള്ളി ക്ഷേത്രപറമ്പില് ആറു കുമ്മാട്ടികളാണ് ഇറങ്ങിയത്. കാട്ടാളന്, കൃഷ്ണന്, നരസിംഹം കിരാതന്, നാഗയക്ഷി എന്നീ മുഖങ്ങളാണ് അണിഞ്ഞത്. നാദസ്വരം അകമ്പടിയായി.
തലമുറ മാറ്റം സൂചിപ്പിച്ച് കൃഷ്ണവേഷം കുട്ടി കുമ്മാട്ടിയണിഞ്ഞു. നാട് വലം വയ്ക്കുന്നതിന് പകരം അവര് ക്ഷേത്രം വലംവച്ചു. നടയില് തേങ്ങയുടച്ചു. സംഘാടകര് ആര്പ്പുവിളിച്ചു. തള്ള, ശിവന്, ബ്രഹ്മാവ്, ശ്രീരാമന്, കൃഷ്ണന്, ഗണപതി, കിരാതമൂര്ത്തി, ഹനുമാന്, സുഗ്രീവന്, ബാലി, ദാരികന്, കാളി, കാട്ടാളന്, ഗരുഡന് തെയ്യം, കഥകളി തുടങ്ങി മുഖങ്ങളും പ്രദര്ശിപ്പിച്ചിരുന്നു.
തൃശൂരിലും പാലക്കാട്, വയനാട് ജില്ലകളിലും പ്രചാരത്തിലുള്ള നാടന്കലാരൂപമാണ് കുമ്മാട്ടി. ഓണക്കാലത്താണ് കുമ്മാട്ടിയിറങ്ങുക. ശരീരം മുഴുവന് കുമ്മാട്ടിപ്പുല്ല് (പര്പ്പടകപ്പുല്ല്) വച്ചുകെട്ടിയശേഷമാണ് മുഖങ്ങളണിയുന്നത്. ആദ്യകാലത്ത് പാളയിലെഴുതിയ മുഖമറകളായിരുന്നു.
പിന്നീട് നാകത്തകിടില് അടിച്ചെടുത്ത മുഖങ്ങളായി. ഇന്ന് പ്ലാവിലും കുമിളിലും കൊത്തിയെടുത്ത് നിറങ്ങളെഴുതിയ മുഖങ്ങളാണുള്ളത്. തള്ളയുടെ കാതില് വഴുതനങ്ങയിട്ടും സന്യാസിയുടെ താടിയില് കുരുവിക്കൂട് പിടിപ്പിച്ചും കുമ്മാട്ടിയിറങ്ങാറുണ്ട്. കള്ളേലിത്തിരി മോന്ത്യാപ്പിന്നെ അമ്മേം പെങ്ങളേം തല്ലാലോ, പണ്ടൊരു മുനിവരന് ഹോമം ചെയ്തു, ഹോമക്കുഴിയില് കല്ലമുളച്ചു തുടങ്ങി നാടന്പാട്ടുകളും വാദ്യങ്ങളും അകമ്പടിയാകും.
കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി ജി അരവിന്ദന് കുമ്മാട്ടിയെന്ന സിനിമ ഒരുക്കിയിട്ടുണ്ട്. കുമ്മാട്ടി ചിണ്ടനെന്ന കുട്ടിയെ നായ രൂപമാക്കി മാറ്റുന്നതും വര്ഷങ്ങള്ക്കുശേഷം മനുഷ്യരൂപം നല്കുന്നതുമാണ് കഥ. ചങ്ങലയില് നിന്ന് മോചിതനായ ചിണ്ടന് വീട്ടിലെ തത്തയെ കൂടുതുറന്ന് സ്വതന്ത്രനാക്കുന്നുണ്ട്.