കോഴിക്കോട്
എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫാതിമ തഹ്ലിയക്കെതിരെ മുസ്ലിംലീഗ് അച്ചടക്ക നടപടിക്കൊരുങ്ങുന്നു. ഹരിതയുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനം നടത്തി എന്നതാണ് കുറ്റം.
ആത്മാഭിമാനത്തിന് മുറിവേറ്റെന്നും വ്യക്തിഹത്യ നടത്തുന്നതായും ഫാതിമ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. നേതാക്കളോടെല്ലാം എംഎസ്എഫ് സംസ്ഥാന ഭാരവാഹിയുടെ മോശംപെരുമാറ്റം പറഞ്ഞെങ്കിലും ആരും പരിഗണിച്ചില്ലെന്നും കുറ്റപ്പെടുത്തി. പാർടിയെ ‘നന്നാക്കാൻ’പരസ്യമായി ഉപദേശം നൽകിയത് അംഗീകരിക്കാനാകില്ലെന്നാണ് നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ നിലപാട്.
ചില ഹരിത പ്രവർത്തകർക്കെതിരെയും നടപടിയുണ്ടാകും. വനിതാ കമീഷനെ സമീപിച്ചതാണ് ഇവർക്കെതിരായ കുറ്റം. ശത്രുക്കൾക്ക് അടിക്കാൻ വടി നൽകിയവർക്കെതിരെ നടപടി വേണമെന്ന വികാരമാണ് പ്രധാന നേതാക്കൾക്ക്. ലൈംഗികാധിക്ഷേപവും സ്ത്രീവിരുദ്ധ പരാമർശവും നടത്തിയതായി ഹരിത നേതാക്കൾ പരാതിപ്പെട്ട എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ തൽക്കാലം മാറ്റിയേക്കും. ഒപ്പമാകും ഫാതിമ അടക്കമുള്ള ഹരിത നേതാക്കൾക്കെതിരായ നടപടി. ഇത്തരമൊരു ഉറപ്പ് ആരോപണവിധേയരായ എംഎസ്എഫ് നേതാക്കൾക്ക് നൽകിയതായാണ് സൂചന. നടപടി ഈയാഴ്ചയുണ്ടായേക്കും.
3 പേരുടെകൂടി
മൊഴിയെടുത്തു
എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാവിഭാഗമായ ഹരിതയിലെ പ്രവർത്തകർ നൽകിയ പരാതിയിൽ പൊലീസ് മൂന്നു പേരുടെകൂടി മൊഴിയെടുത്തു. നേരത്തെ പരാതിക്കാരിൽ പ്രധാനപ്പെട്ടവരുടെ മൊഴിയെടുത്തിരുന്നു. റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുമെന്ന് അന്വേഷണച്ചുമതലയുള്ള ചെമ്മങ്ങാട് സ്റ്റേഷൻ ഇൻസ്പെക്ടർ സി അനിതകുമാരി പറഞ്ഞു. ജില്ലാ പൊലീസ് മേധാവി വനിതാ കമീഷന് റിപ്പോർട്ട് നൽകും.
ജൂൺ 22ന് കോഴിക്കോട്ട് ചേർന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പി കെ നവാസ് മോശമായി സംസാരിച്ചെന്നും മലപ്പുറം ജില്ലാ സെകട്ടറി വി അബ്ദുൾ വഹാബ് ഫോണിൽ അശ്ലീലം പറഞ്ഞെന്നുമാണ് വനിതാ കമീഷന് ഹരിത പ്രവർത്തകർ നൽകിയ പരാതി. റിപ്പോർട്ട് ആവശ്യപ്പെട്ട് വനിതാ കമീഷൻ പരാതി ജില്ലാ പൊലീസ് മേധാവിക്ക് കെെമാറി.