കോഴിക്കോട് –
മലാപ്പറമ്പ് വാട്ടർ അതോറിറ്റി റോഡിൽ ഡോ. സ്വപ്ന നമ്പ്യാരുടെ വീട്ടിൽ നിന്ന് 44.5 പവൻ ആഭരണങ്ങളും ഡയമണ്ട് നെക്ലേസും പണവും കവർന്ന കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. അമ്പലവയൽ സ്വദേശി വിജയൻ എന്ന കുട്ടി വിജയൻ (42), നടക്കാവ് പട്ടംവീട്ടിൽ ബവീഷ് (40) എന്നിവരെയാണ് മെഡിക്കൽ കോളേജ് എസിപി കെ സുദർശന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. മെഡിക്കൽ കോളേജ് ഇഎൻടി വിഭാഗം അസി. പ്രൊഫ. ഡോ. സ്വപ്ന നമ്പ്യാർ വീട്ടിലില്ലാതിരുന്ന ജൂലൈ 26 ന് രാത്രിയായിരുന്നു മോഷണം. കുട്ടി വിജയൻ 2007ൽ മാവൂർ സ്വദേശി വി ദാസിനെ കൊന്ന കേസിൽ പ്രതിയാണ്. അന്ന് കൊലപാതകം, കവർച്ചാ കേസുകളിൽ പിടിച്ച കുട്ടി വിജയൻ, മോഹനൻ, കുമാർ, സുരേഷ്, മണികണ്ഠൻ എന്നിവർ മെഡിക്കൽ കോളേജ് സ്റ്റേഷനിലെ ലോക്കപ്പിന്റെ ചുമർ കുത്തിത്തുറന്ന് രക്ഷപ്പെട്ടിരുന്നു.
വീണ്ടും പിടിച്ചെങ്കിലും ജാമ്യത്തിലിറങ്ങിയ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും മോഷണം നടത്തി. കുട്ടി വിജയന്റെ പേരിൽ കേരളം, തമിഴ്നാട്. കർണാടകം എന്നിവിടങ്ങളിലായി അഞ്ഞൂറിലധികം കേസുകളുണ്ട്. മോഷ്ടിക്കുന്ന ആഭരണങ്ങൾ മേട്ടുപ്പാളയത്തുള്ള മകളുടെ ഭർത്താവിന്റെ അച്ഛന്റെ സഹായത്തോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ വിൽക്കുകയാണ് പതിവ്.