നെന്മാറ: പുഴയിൽ മുങ്ങിയ അച്ഛനും അമ്മയും കുട്ടിയുമുൾപ്പെടെ മൂന്നു പേരെ രക്ഷിച്ചു. നെന്മാറ എലവഞ്ചേരി കൊട്ടയംകാട് നെല്ലിക്കോട്ടുകളത്തിന് സമീപമുള്ള തെന്മല പുഴയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ടാണ് കരിങ്കുളം സ്വദേശിയായ വിൽസനും ഭാര്യ പ്രഭിതയും, ഏഴു വയസ്സുള്ള മകനും പുഴയിൽ താഴ്ച്ചയുള്ള ഭാഗത്ത് അപകടത്തിൽപെട്ടത്.
ആഴമറിയാതെ പുഴയിലിറങ്ങിയ മകൻ മുങ്ങുകയായിരുന്നു. ഇതുകണ്ട് വിൽസൺ പുഴയിലേക്ക് ചാടി. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭാര്യയും കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. രണ്ടാൾ താഴ്ച്ചയുള്ള ഈ ഭാഗത്ത് സാധാരണ ആരും ഇറങ്ങാറില്ല. കുട്ടിയുടെ നിലവിളിയും സ്ത്രീ പുഴയിലേക്ക് വീഴുന്നതും കണ്ടതോടെയാണ് തൊട്ടടുത്ത നെല്ലിക്കോട് കളത്തിലെ വീട്ടുകാരും സുഹൃത്തുക്കളും നൊടിയിടയിൽ രക്ഷാപ്രവർത്തനം നടത്തി മൂന്നുപേരെയും രക്ഷിച്ചത്.
നെല്ലിക്കോട്ടുകളത്തിലെ പത്മിനിയാണ് പുഴയിലേക്ക് സ്ത്രീവീഴുന്നത് കണ്ടത്. ഇവർ പറഞ്ഞതനുസരിച്ച് പുഴയുടെ നടപ്പാലത്തിലൂടെ കയറി കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ കൂടിയായ വിമൽകുമാർ നോക്കിയപ്പോഴാണ് രണ്ടുപേർ വെള്ളത്തിൽ മുങ്ങിതാഴുന്നത് കണ്ടത്. ബഹളം വെച്ചതിനെ തുടർന്ന് നെല്ലിക്കോട്ടുകളത്തിലെ പത്മരാജൻ എന്ന കണ്ണൻ വീട്ടീൽ നിന്ന് ഓടിയെത്തിപുഴയിലേക്ക് ചാടി. മുങ്ങിതാഴ്ന്ന ദമ്പതിമാരെകരയ്ക്കടുപ്പിച്ചു. ഒഴുക്കുള്ള ഭാഗമായതിനാൽ പാറക്കെട്ടിൽ നല്ലവഴുക്കലുണ്ടായിരുന്നു. ഇതിൽ പിടിച്ചു നിന്ന ഏഴുവയസ്സുകാരനെ വിമൽകുമാറും പത്മിനിയും മുഹമ്മദ് റാഫിയും വിപിനും ചേർന്നാണ് കരയ്ക്ക് കയറ്റിയത്.
പുഴ കാണാൻ പോകണമെന്ന മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മൂന്നംഗകുടുംബം പുഴക്കടവിൽ എത്തിയത്. ഈ സമയം നെല്ലിക്കോട്ട് കളത്തിൽ കുടുംബവും സുഹൃത്തുക്കളും പുഴയോരത്തേക്ക് വന്നതാണ് അപകടത്തിൽപ്പെട്ടവർക്ക് രക്ഷയായത്. അല്ലെങ്കിൽ വിജനമായ സ്ഥലത്ത് ഒരു കുടുംബം മുങ്ങിത്താഴുന്നത് ആരുടെയും ശ്രദ്ധയിൽപ്പെടില്ലായിരുന്നു.