മലപ്പുറം > മലപ്പുറം തിരൂരിനടുത്ത് ചെറിയമുണ്ടത്ത് സദാചാര പൊലീസ് ചമഞ്ഞ് മാനസിക അസ്വസ്ഥത നേരിടുന്ന യുവാവിന് നേരെ ആക്രമണം. വാണിയന്നൂർ സ്വദേശി സൽമാനുൽ ഫാരിസിനെയാണ് ഒരു സംഘം യുവാക്കൾ ആക്രമിച്ചത്. ഇവർ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു.
ഇതേ തുടർന്ന് യുവാവിന്റെ മാതാവ് സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകി. ഒരു പെൺകുട്ടിയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് മലപ്പുറം ജില്ലയിലെ തിരൂർ ചെറിയമുണ്ടം പഞ്ചായത്തിലെ വാണിയന്നൂരിൽ മാനസിക അസ്വസ്ഥത നേരിടുന്ന യുവാവിന് നേരെ ആക്രമണമുണ്ടായത്. അക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. വാണിയന്നൂർ തടത്തിൽ മുഹമ്മദിന്റെ മകൻ സൽമാനുൽ ഫാരിസിനെയാണ് ഒരു സംഘം മർദ്ദിച്ചവശനാക്കിയത്.
ഓഗസ്റ്റ് 12 വൈകിട്ട് 4ന് അരീക്കാട് വച്ചാണ് സംഭവം. മാരകാധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് അക്രമി സംഘം പ്രചരിപ്പിച്ച വീഡിയോയിൽ ദൃശ്യമാണ്. ശാരീരിക അവശതയെ തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിലും, പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സദാചാര ഗുണ്ടായിസത്തിനും ആൾക്കൂട്ട ആക്രമണത്തിനും, നേതൃത്വം നൽകിവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൽമാനുൽ ഫാരിസിന്റെ ഉമ്മ സുഹറ മുഖ്യമന്ത്രിക്കും, പൊലീസിലും പരാതി നൽകി.