ലണ്ടണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും, ലിവര്‍പൂളിനും തകര്‍പ്പന്‍ ജയം. സിറ്റി നോര്‍വിച്ചിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കീഴടക്കിയത്. ബേണ്‍ലിയെ 2-0 ന് ലിവര്‍പൂളും പരാജയപ്പെടുത്തി. അതേസമയം, ലാ ലിഗയില്‍ കരുത്തരായ ബാഴ്സലോണയെ അത്ലറ്റിക് ക്ലബ് സമനിലയില്‍ തളച്ചു.
നോര്‍വിച്ചിനെതിരെ സിറ്റിയുടെ സമ്പൂര്‍ണ അധിപത്യമായിരുന്നു. രണ്ടാം പകുതിയില്‍ 20 മിനുറ്റിനിടെ മൂന്ന് തവണയാണ് നോര്‍വിച്ചിന്റെ വല കുലുക്കിയത്. ജാക്ക് ഗ്രീലിഷ് (22), അയ്മെരിക് ലപോര്‍ട്ടെ (64), റഹീം സ്റ്റെര്‍ലിങ് (71), റിയാദ് മഹെരസ് (84) എന്നിവരാണ് സ്കോര്‍ ചെയ്തത്. ഏഴാം മിനിറ്റില്‍ നോര്‍വിച്ച് താരം ടിം ക്രൂളിന്റെ ഓണ്‍ ഗോളും സിറ്റിക്ക് തുണയായി.
ബേണ്‍ലിക്കെതിരെ ലിവര്‍പൂള്‍ മുന്നേറ്റ നിര അതിശയകരമായ പ്രകടനമായിരുന്നു കാഴ്ച വച്ചത്. 27 തവണയാണ് ഗോള്‍ ലക്ഷ്യമാക്കിയുള്ള ഷോട്ടുകള്‍ പിറന്നത്. ദിയഗോ ജോട്ട (18), സാദിയോ മനെ (69) എന്നിവരാണ് ഗോള്‍ സ്കോറര്‍മാര്‍. പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ ഒന്നാമതും, സിറ്റി അഞ്ചാമതുമാണ്.
ആദ്യ മത്സരം ജയത്തോടെ തുടങ്ങിയ ബാഴ്സയ്ക്ക് അത്ലറ്റിക് ക്ലബ്ബിനോട് പിഴച്ചു. ഗോള്‍ പിറക്കാത്ത ആദ്യ പകുതിക്ക് ശേഷം 50-ാം മിനിറ്റില്‍ ഇനിഗോ മാര്‍ട്ടിനസിന്റെ ഗോളില്‍ അത്ലറ്റിക് മുന്നിലെത്തി. 75-ാം മിനിറ്റില്‍ മെംഫിസ് ഡെപെയാണ് ബാഴ്സയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.
Also Read: പിഎസ്‌ജി ജഴ്സിയിൽ അരങ്ങേറ്റത്തിനൊരുങ്ങി മെസി; നെയ്മർക്കൊപ്പം വീണ്ടും കളത്തിലേക്ക്
The post സിറ്റിക്കും ലിവര്‍പൂളിനും ജയം; ബാഴ്സലോണയ്ക്ക് സമനില appeared first on Indian Express Malayalam.