തൃശ്ശൂർ > തിരുവോണദിനത്തിൽ തൃശൂരിൽ രണ്ട് സംഭവങ്ങളിലായി രണ്ട് പേർ കുത്തേറ്റ് മരിച്ചു. ചെന്ത്രാപ്പിന്നിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. കാറളത്ത് വാടക സംബന്ധിച്ച തര്ക്കത്തെ തുടര്ന്നുണ്ടായ സംഘട്ടനത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും ഇന്ന് മരിച്ചു.
ചെന്ത്രാപ്പിന്നി കണ്ണം പുള്ളിപ്പുറം മാരാത്ത് സുരേഷ് (52) ആണ് മരിച്ച ഒരാൾ. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിന്റെ ബന്ധുവായ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടരയോടെയാണ് സംഭവം. സുരേഷിന്റെ വീടിന് തൊട്ടടുത്താണ് അനൂപും കുടുംബവും താമസിക്കുന്നത്. ഉത്രാടദിനത്തിൽ മദ്യപിച്ചെത്തിയ അനൂപ്, സുരേഷിന്റെ വീട്ടിലെത്തി ബഹളം വെയ്ക്കുകയും, ഭാര്യയെ കളിയാക്കിയതായും പറയുന്നു. ഇതേ ചൊല്ലി അനൂപും, സുരേഷും കലഹിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ സുരേഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി അനൂപ് കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സുരേഷിന് കഴുത്തിനും, കൈക്കും കുത്തേറ്റിട്ടുണ്ട്. പ്രതിയുടെ വീടിനകത്ത് വെച്ചാണ് കുത്തേറ്റത്. ഉടൻ തന്നെ സുരേഷിനെ ചെന്ത്രാപ്പിന്നിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 25 വർഷത്തോളമായി ചെന്ത്രാപ്പിന്നിയിലെ പെട്ടി ഒട്ടോറിക്ഷ ഡ്രൈവറാണ് സുരേഷ്.
വാടക സംബന്ധിച്ച തര്ക്കത്തെ തുടര്ന്നുണ്ടായ സംഘട്ടനത്തില് പരിക്കേറ്റ് ചികില്സയിലായിരുന്ന യുവാവാണ് മരിച്ച മറ്റൊരാൾ. തൃശൂർ കാറളം കീഴത്താണി വട്ടപറമ്പില് സൂരജ് (33) ആണ് മരിച്ചത്. സംഭവത്തില് 3 പേര് പൊലീസ് കസ്റ്റഡിയിലുണ്ട്.