
സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരമുള്ള ഇടത്ത് പ്രവർത്തിക്കുന്ന ബർഗർ ഷോപ്പ് തുറന്നിരിക്കുന്നത് ലാസയിലാണ്. 12,139 അടി ഉയരത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മക്ഡൊണാൾഡ്സ് ബർഗർ ഷോപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഇതുവരെ, മക്ഡൊണാൾഡിന്റെ ഏറ്റവും ഉയർന്ന ഔട്ലെറ്റ് ബ്രിട്ടനിലെ ബെൻ നെവിസിലായിരുന്നു. 4,379 അടി ഉയരത്തിൽ പ്രവർത്തിക്കുന്ന ഈ ഔട്ലെറ്റിനേക്കാൾ മൂന്ന് മടങ്ങ് ഉയരത്തിലാണ് ലാസയിലെ ഔട്ലെറ്റ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവം നൽകാൻ, ഫാസ്റ്റ് ഫുഡ് ചെയിൻ 60 ജീവനക്കാരെ നിയമിച്ചയായി മക്ഡൊണാൾഡ്സ് വ്യക്തമാക്കുന്നു. പുതുതായി തുറന്ന ഔട്ലെറ്റിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത് എന്നും സെൽഫ് സർവീസ്, മൊബൈൽ പേയ്‌മെന്റ് ഓപ്ഷനും ഔട്ലെറ്റിൽ ക്രമീകരിച്ചിട്ടുണ്ട് എന്ന് മാക്ഡൊണാൾഡ്‌സ് കൂട്ടിച്ചേർത്തു. മക്ഡൊണാൾഡ്സിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഓർഡർ ചെയ്യാറുള്ള ഫ്രഞ്ച് ഫ്രെയ്‌സും ബർഗറും ചേർന്ന ഹാപ്പി മീലിന് തന്നെയാണ് ലാസയിലും ആവശ്യക്കാർ ഏറെയുള്ളത്.
യുനെസ്കോയുടെ ലോക പൈതൃകമായ പൊറ്റാല കൊട്ടാരത്തെയാണ് ലാസയിലെ മക്‌ഡൊണാൾഡ്‌സ് ഔട്ലെറ്റ് അഭിമുഖീകരിക്കുന്നത്. ഏഴാം നൂറ്റാണ്ടിൽ ദലൈലാമ ഈ കൊട്ടാരത്തിൽ താമസിച്ചിരുന്നു. ഇത് ടിബറ്റിന്റെ ബുദ്ധമതത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്.















