ഐക്യരാഷ്ട്ര കേന്ദ്രം
താലിബാൻ ഭരണത്തിൽ അഫ്ഗാനിസ്ഥാനെ കാത്തിരിക്കുന്നത് യാതനയുടെ നാളുകൾ. 3.8 കോടി ജനങ്ങളുള്ള രാജ്യത്തെ 1.4 കോടി പേരും കൊടുംപട്ടിണിയിലേക്കാണ് നീങ്ങുന്നതെന്ന് യുഎൻ ഭക്ഷ്യ ഏജൻസി ഡയറക്ടർ മേരി എല്ലൻ മക്ഗ്രൊവാർടി പറഞ്ഞു.
മൂന്നുവർഷത്തിനുള്ളിലെ രണ്ടാമത്തെ കൊടിയ വരൾച്ചയാണ് അഭിമുഖീകരിച്ചത്. 40 ശതമാനം വിള കരിഞ്ഞുണങ്ങി. കന്നുകാലികൾ ചത്തൊടുങ്ങി. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കൂടിയായതോടെ ജനജീവിതം ദുസ്സഹമായിരുന്നു. ഇതിനിടെ താലിബാൻ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ലക്ഷക്കണക്കിന് ആളുകൾക്ക് വീടും നാടും ഉപേക്ഷിക്കേണ്ടി വന്നു. ശൈത്യകാലവും അടുക്കുന്നു. ജനതയുടെ യാതനയും പട്ടിണിയും വരുംനാളുകളിൽ രൂക്ഷമാകും. മേയിൽ രാജ്യത്തെ 40 ലക്ഷംപേർക്ക് ഭക്ഷ്യ ഏജൻസി സഹായം എത്തിച്ചു. വരും മാസങ്ങളിൽ ഇത് 90 ലക്ഷം ആക്കാനാണ് ശ്രമം. ഇതിനായി 20 കോടി ഡോളർ വേണ്ടിവരുമെന്നും ഡയറക്ടർ പറഞ്ഞു.
അതേസമയം, അഫ്ഗാനിസ്ഥാന് തൽക്കാലം വായ്പയോ മറ്റ് സഹായങ്ങളോ നൽകില്ലെന്ന് അന്താരാഷ്ട്ര നാണ്യനിധി വ്യക്തമാക്കി. താലിബാൻ നേതൃത്വത്തെ അന്താരാഷ്ട്രസമൂഹം അംഗീകരിക്കുന്നോ എന്ന് വ്യക്തമായശേഷം തീരുമാനം പുനഃപരിശോധിക്കും. അഫ്ഗാനിസ്ഥാന്റെ 900 കൊടി ഡോളർ വിദേശ കരുതൽ ശേഖരത്തിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്. ഇതിന്റെ ഭൂരിഭാഗവും അമേരിക്കയിലും ഐഎംഎഫിലുമാണ്. ഇതിൽനിന്ന് പിൻവലിക്കാനും താലിബാന് എഎംഎഫ് അനുവാദം നൽകില്ല.
രാജ്യത്ത് കറൻസി വിതരണം പ്രതിസന്ധിയിലേക്കാണെന്ന് സെൻട്രൽ ബാങ്ക് മേധാവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലായനം ചെയ്യുന്നവർ കൂട്ടത്തോടെ പണം പിൻവലിക്കുന്നതിനാൽ എടിഎമ്മുകളും കാലിയായി. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ വിലയും കുതിച്ചുയരുകയാണ്.
ഇതിനിടെ അഫ്ഗാൻ സർക്കാരുമായി ഉണ്ടായിരുന്ന ആയുധവിൽപ്പന അമേരിക്ക നിർത്തലാക്കി. കൈമാറാൻ തയ്യാറായിരിക്കുന്ന സ്റ്റോക്കുകൾ റദ്ദാക്കാൻ കരാറുകാർക്ക് വിദേശ മന്ത്രാലയം നിർദേശം നൽകി. അഫ്ഗാൻ സൈന്യം ഉപയോഗിച്ചിരുന്ന അമേരിക്കൻ ആയുധങ്ങൾ പിടിച്ചെടുത്ത താലിബാൻ കൂടുതൽ പ്രദേശം കീഴ്പ്പെടുത്താൻ അവ ഉപയോഗിച്ചിരുന്നു.