ബൈക്കിൽ എത്തിയ കക്ഷി ട്രാഫിക് ലൈറ്റ് പച്ചയായി മാറുന്നതുവരെ കാത്തിരിക്കേണ്ട സമയത്ത് കയ്യിൽ കരുതിയ ഷാംപൂ എടുത്ത് തലയിൽ തേച്ചു പിടിപ്പിക്കാൻ തുടങ്ങി. നല്ല മഴയുള്ള സമയത്താണ് യുവാവ് ഷാംപൂ തലയിൽ തേച്ചു പിടിപ്പിച്ചത്. അതുകൊണ്ട് തന്നെ ഷാംപൂ കഴുകിക്കളയാൻ വെള്ളം തേടി പോവേണ്ടതില്ല. മേൽവസ്ത്രം ധരിക്കാതെയാണ് കൂളായി കക്ഷി തലയിൽ ഷാംപൂ തേച്ച് പിടിപ്പിച്ചത്. യുവാവിന്റെ പ്രവർത്തി മുഴുവൻ പകർത്തിയ പുറകിലെ വാഹനത്തിൽ വന്ന വ്യക്തി വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ട്രാഫിക്കിലെ കുളി വൈറലായി.
ട്രാഫിക് പോലീസ് എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് യുവാവിനോട് ചോദിച്ചപ്പോൾ മഴ പെയ്യാൻ തുടങ്ങിയപ്പോൾ തന്റെ മോശം മാനസികാവസ്ഥ ഒഴിവാക്കാൻ മുടി ഷാംപൂ ചെയ്തു എന്നാണ് യുവാവിന്റെ മറുപടി. “ട്രാഫിക് ലൈറ്റ് പച്ച നിറമാവുന്നത് കാത്തിരിക്കുന്ന സമയത്ത് എന്തുകൊണ്ട് ഇപ്പോൾ തന്നെ ഷാംപൂ ചെയ്തുകൂടാ എന്ന് ഞാൻ ചിന്തിച്ചു” യുവാവ് പറഞ്ഞതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഹെൽമറ്റ് ധരിക്കാതിരിക്കുകയും തലയിൽ ഷാംപൂ നുരയുമായി വാഹനമോടിക്കുകയും ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പോലീസ് യുവാവിന് മുന്നറിയിപ്പ് നൽകി എന്ന് റിപ്പോർട്ട് പറയുന്നു. ഒപ്പം ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തുകയും ചെയ്തു.