ആലപ്പുഴ> അഫ്ഗാന് വിഷയത്തില് തങ്ങളുടെ സുഹൃത്തുക്കളോട് ആലോചിച്ച് തീരുമാനമെടുക്കുമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി സാമ്രാജ്യത്വ വിധേയത്വമാണ് പ്രകടിപ്പിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്. പി കൃഷ്ണപിള്ള ദിനത്തില് കണ്ണാര്കാട്ടും വലിയ ചുടുകാട്ടിലും അനുസ്മരണ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫ്ഗാന് വിഷയത്തില് മോഡിക്ക് സ്വന്തമായി നിലപാടില്ല. ആരാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പരാജയപ്പെടുത്തുന്നതില് ഒരു പങ്കും വഹിക്കാത്തവരുടെ കയ്യില് രാജ്യത്തിന്റെ ഭരണം എത്തിയതാണ് ഇന്ത്യയുടെ ദുരവസ്ഥയ്ക്കു കാരണം.
പൊതുമേഖലയാകെ വില്ക്കുന്ന വിനാശകരമായ നിലപാടാണ് ബിജെപി സര്ക്കാരിന്റേത്. ഇന്ഷുറന്സ് മേഖല അവര് വില്ക്കുമ്പോള് രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിന് ഉപയോഗിക്കുന്ന പണമാണ് വിദേശമുതലാളിക്ക് കൈമാറുന്നത്. പെട്രോളിന്റെ വില നൂറു കടത്തിയും പാചകവാതകത്തിന്റെ വില ആയിരത്തിലെത്തിച്ചും കുത്തകളെ സഹായിക്കുന്നു.
കോവിഡ് സാഹചര്യത്തില് സമ്പദ്ഘടന തകര്ന്നപ്പോഴും കോടീശ്വരന്മാരുടെ ഒരു രൂപ പോലും കുറഞ്ഞില്ല. എല്ലാ പ്രതിസന്ധിയെയും മുറിച്ചുകടക്കാമെന്ന ആത്മവിശ്വാസം നല്കുന്ന ഭരണമാണ് കേരളത്തിലേത്. വര്ഗ്ഗസമരത്തിന്റെ രാഷ്ട്രീയം തന്നെയാണ് ജനങ്ങളുടെ പ്രശ്നങ്ങള്ക്കു പരിഹാരമെന്നു ബോധ്യപ്പെടുത്തിയ സംസ്ഥാന സര്ക്കാര് സമൂഹത്തിലെ പ്രയാസപ്പെടുന്നവര്ക്കു കരുതല് നല്കുകയും സ്ത്രീപക്ഷ കേരളം കെട്ടിപ്പടുക്കുകയുമാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് വലതുപക്ഷം നേരിടുന്നത്. ബിജെപിക്ക് നേരത്തെ നിയമസഭയില് ഉണ്ടായിരുന്ന സ്ഥാനം പോലും നല്കാത്ത സംസ്ഥാനമെന്ന ഖ്യാതിയാണ് കേരളത്തിന്. ഒന്നര ദശാബ്ദം മുമ്പ് ഉമ്മന് ചാണ്ടിയും കോണ്ഗ്രസും പിണറായിക്ക് എതിരെ എറിഞ്ഞ കുരുക്ക് തിരിച്ച് ഉമ്മന് ചാണ്ടിയിലേക്കു തന്നെ വന്ന് സിബിഐ അന്വേഷണത്തില് എത്തിയിരിക്കുന്നു.
പരാതി ഉന്നയിച്ചവരുടെ പ്രശ്നം പരിഹരിക്കുന്നതിനു പകരം ഉന്നയിച്ചവരുടെ പ്രസ്ഥാനം തന്നെ മരവിപ്പിക്കുകയാണ് മുസ്ലിം ലീഗ്. ഇങ്ങനൊന്ന് ലോക ചരിത്രത്തിലുണ്ടാകില്ല. സ്ത്രീവിരുദ്ധത മാത്രമല്ല ലീഗ് ചെന്നുപെട്ടിട്ടുള്ള പ്രതിസന്ധിയുടെ ആഴമാണ് ഇതില് വെളിവാകുന്നത്. ദേശീയപ്രസ്ഥാനത്തെ ശരിയായ പാതയില് നയിക്കുകയാണ് പി കൃഷ്ണപിള്ള ചെയ്തത്. കീഴാളന്റെ മോചനത്തിനുവേണ്ടിയും അയിത്തത്തിനും അനാചാരത്തിനുമെതിരായും അദ്ദേഹം നടത്തിയ സമരമെല്ലാം പുതിയ ലോകത്തേക്കുളള ചുവടുവയ്പായിരുന്നു. ഇന്ന് കേരളത്തില് പല പരിവര്ത്തനങ്ങളും നടത്താനായതിന്റെ അടിത്തറ കൃഷ്ണപിള്ളയാണ്.
എല്ലാ പ്രതിസന്ധിയിലും പ്രസ്ഥാനത്തിന് ആത്മവിശ്വാസവും നിശ്ചയദാര്ഢ്യവും പ്രതീക്ഷയും ലഭിക്കുന്നത് കൃഷ്ണപിള്ളയെ ഓര്ക്കുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.