ബാംഗ്ലൂർ: വീണ്ടും ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) മേധാവിയാകാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് അപേക്ഷ സമർപ്പിച്ചു. അക്കാദമി തലവനായുള്ള ദ്രാവിഡിന്റെ രണ്ടു വർഷത്തെ കാരാർ അവസാനിച്ച സാഹചര്യത്തിലാണ് ബിസിസിഐ പുതിയ അപേക്ഷകൾ ക്ഷണിച്ചത്. ഇതോടെ നവംബറിൽ ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഒഴിയുമ്പോൾ ദ്രാവിഡ് വരും എന്ന അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.
“അതെ, ക്രിക്കറ്റ് മേധാവി സ്ഥാനത്തേക്ക് രാഹുൽ വീണ്ടും അപേക്ഷിച്ചു. എൻസിഎയുടെ മുഖച്ഛായ മാറ്റാൻ അദ്ദേഹം നടത്തിയ മഹത്തായ പ്രവർത്തനത്തിന് ശേഷം അദ്ദേഹം തുടരാൻ പോകുന്നുവെന്ന് ഊഹിക്കാൻ നിങ്ങൾ വലിയ പ്രതിഭയൊന്നും ആവണമെന്നില്ല, അത് ശരിക്കും ഇപ്പോൾ മികവിന്റെ കേന്ദ്രമാണ്.” മുതിർന്ന ബിസിസിഐ വ്യക്താവ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
“വാസ്തവത്തിൽ, ഇപ്പോൾ, രാഹുൽ അല്ലാതെ ആ തസ്തികയിലേക്ക് അപേക്ഷിച്ച മറ്റ് പ്രമുഖരൊന്നുമില്ല.” അദ്ദേഹം വ്യക്തമാക്കി.
താൽപ്പര്യമുള്ള എല്ലാവർക്കും അപേക്ഷിക്കാൻ മതിയായ സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി കുറച്ച് ദിവസങ്ങൾ കൂടി നീട്ടാൻ ബിസിസിഐ തീരുമാനിച്ചതായും റിപ്പോർട്ട് ഉണ്ട്.
“അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം ഓഗസ്റ്റ് 15 ൽ നിന്നും കുറച്ച് ദിവസങ്ങൾ കൂടി നീട്ടാൻ ബിസിസിഐ തീരുമാനിച്ചു. രാഹുൽ മത്സരരംഗത്തുണ്ടാകുമ്പോൾ, തസ്തികയിലേക്ക് അപേക്ഷിക്കുന്നതിൽ വലിയ അർത്ഥമില്ലെന്ന് എല്ലാവർക്കും അറിയാം. ഇത് ഒരുഔപചാരികതയാണ്, പക്ഷേ ന്യായമായിരിക്കണം, ആർക്കെങ്കിലും അപേക്ഷ സമർപ്പിക്കണം എന്നുണ്ടെങ്കിൽ കുറച്ച് ദിവസങ്ങൾ കൂടി ഉണ്ട്,” ബിസിസിഐ വ്യക്താവ് പറഞ്ഞു.
Also read: ലോർഡ്സിലെ സെഞ്ചുറിക്ക് ശേഷം ഐസിസി റാങ്കിങ്ങിൽ രാഹുലിന് മുന്നേറ്റം; അഞ്ചാം സ്ഥാനത്ത് തുടർന്ന് കോഹ്‌ലി
ശ്രീലങ്കൻ പര്യടനത്തിനു ശേഷം മുഴുവൻ സമയം ഇന്ത്യൻ ടീം പരിശീലകനാകുന്നതിലെ ആശങ്ക ദ്രാവിഡ് പ്രകടിപ്പിച്ചിരുന്നു.
വീണ്ടും അപേക്ഷ സമർപ്പിച്ചതിലൂടെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ തുടർന്ന് ഇന്ത്യൻ ടീമിലേക്ക് ശക്തരായ താരങ്ങളെ സംഭാവന ചെയ്യാനാണ് രാഹുൽ ആഗ്രഹിക്കുന്നത് എന്ന് വീണ്ടും വ്യക്തമാവുകയാണ്.
The post എൻസിഎ മേധാവി; അപേക്ഷ സമർപ്പിച്ചത് രാഹുൽ ദ്രാവിഡ് മാത്രം, തീയതി നീട്ടി ബിസിസിഐ appeared first on Indian Express Malayalam.