തൃശ്ശൂർ> സാഹിത്യകാരനും പത്രപ്രവർത്തകനും മാതൃഭൂമി മുൻ ചീഫ് സബ് എഡിറ്ററുമായിരുന്ന കരൂർ ശശി (82) തൃശ്ശൂർ കോലഴിയിൽ അന്തരിച്ചു. വാർധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ദീർഘകാലമായി കിടപ്പിലായിരുന്നു. തിരുവനന്തപുരം കരൂർ രാമപുരത്ത് കെ രാഘവൻ പിള്ളയുടേയും ജി മാധവിയമ്മയുടേയുും മകനായ കരൂർ ശശി 1939 മാർച്ച് 13-നാണ് ജനിച്ചത്. കവി, നോവലിസ്റ്റ്, നിരൂപകൻ, പ്രാസംഗികൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. നാല് നോവലും 10 കാവ്യസമാഹാരങ്ങളും ഒരു ഖണ്ഡകാവ്യവും ഗദ്യസമാഹാരവും വിവർത്തനകൃതിയും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
കോളേജ് പഠനകാലത്തേ പത്രപ്രവർത്തകനായ അദ്ദേഹം പൊതുജനം, മലയാളി, തനിനിറം, കേരളപത്രിക, വീക്ഷണം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. തുടർന്ന് 1980-ൽ മാതൃഭൂമി തിരുവനന്തപുരം എഡിഷൻ തുടങ്ങിയപ്പോൾ അവിടെച്ചേർന്നു. 21 വർഷം മാതൃഭൂമിയിൽ പ്രവർത്തിച്ചു. ആദ്യഭാര്യയായിരുന്ന പ്രശസ്ത എഴുത്തുകാരി പി ആർ ശ്യാമളയുടെ സ്മരണയ്ക്കായി സ്ത്രീ സമൂഹത്തിനു വേണ്ടി സമർപ്പിച്ച ശ്യാമപക്ഷം എന്ന കവിത ശ്രദ്ധ നേടിയിരുന്നു. ശ്യാമപക്ഷം എന്ന കാവ്യസമാഹാരത്തിന് തോപ്പിൽ രവി അവാർഡും അറിയാമൊഴികൾ എന്ന കാവ്യസമാഹാരത്തിന് ചങ്ങമ്പുഴ പുരസ്കാരവും പുത്തേഴൻ പുരസ്കാരവും മാതൃഭൂമി പ്രസിദ്ധീകരിച്ച മഹാനദിക്ക് മൂടാടി ദാമോദരൻ പുരസ്കാരവും ലഭിച്ചു. തികച്ചും വ്യക്തിപരം, മെതിയടിക്കുന്ന് എന്ന നോവലുകളും അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനകളാണ്.
കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും ജനറൽ കൗൺസിൽ അംഗമായിരുന്നിട്ടുണ്ട്. കേരള സർക്കാരിന്റെ സിനിമാ അവാർഡ് കമ്മറ്റിയിൽ രണ്ട് തവണ അംഗമായിരുന്നു. ആകാശവാണിയിലും ദൂരദർശനിലും അദ്ദേഹം എഴുതിയ നിരവധി ഗാനങ്ങൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. പി ആർ ശ്യാമള അന്തരിച്ച ശേഷം സാഹിത്യ അക്കാദമിയിലെ ഉദ്യോഗസ്ഥയായിരുന്ന മാധവിക്കുട്ടിയെ വിവാഹം കഴിച്ചു. തുടർന്ന് 2006-ൽ തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർക്ക് താമസം മാറ്റി. ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 9.30-ന് പാറമേക്കാവ് ശാന്തിഘട്ടിൽ.