കോഴിക്കോട്: എംഎസ്എഫ് വിവാദത്തിൽ പരാതിക്കാരായ ഹരിത പ്രവർത്തകരെ തള്ളി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. ഹരിത മുസ്ലിം ലീഗിന്റെ പോഷക സംഘടനയല്ലെന്നും താത്കാലികമായി ഉണ്ടാക്കിയ സംഘടനയാണെന്നും നൂർബിന പറഞ്ഞു.
ഒരു തീരുമാനമെടുക്കുമ്പോൾ വിശദമായി വിശകലനം ചെയ്യുന്ന ഒരു നേതൃത്വമാണ് മുസ്ലിം ലീഗിനുള്ളതെന്ന് ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച നടപടിയേക്കുറിച്ച് പ്രതികരിക്കുകയായിരുന്നുഅവർ.പാർട്ടി ഒരു തീരുമാനമെടുത്താൽ പാർട്ടിയുടെ എല്ലാ അംഗങ്ങൾക്കും അത് ബാധകമാണ്. അതിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പാർട്ടിയുടെ കമ്മിറ്റികളിലാണ് പറയേണ്ടതെന്നും നൂർബീന പറഞ്ഞു.
മുസ്ലിം സ്ത്രീകൾ പൊതുരംഗത്തേക്ക് വരരുതെന്ന് പറഞ്ഞ കാലഘട്ടത്തിലാണ് വനിതാ ലീഗിനെ വളർത്തി വലുതാക്കി ഈ നിലയിലെത്തിച്ചത്. പുരോഗമന പ്രസ്ഥാനങ്ങളിലും പൊതുസമൂഹത്തിലും പുരുഷമേധാവിത്വമുണ്ട്. ഹരിതാ പ്രവർത്തകരുടെ പരാതി വനിതാ ലീഗിന്റെ മുന്നിൽ ഇതുവരെ എത്തിയിട്ടില്ല. ഒരു യോഗത്തിൽ സ്ത്രീ അധിക്ഷേപം നേരിട്ടിട്ടുണ്ടെങ്കിൽ ഉടൻ പ്രതികരിച്ചിരിക്കണം. അതിന് കൂടിയാലോചിച്ച് എന്താണ് വേണ്ടതെന്ന് ചിന്തിച്ചിരിക്കേണ്ടതില്ല. എന്തുകൊണ്ടാണ് പാർട്ടിക്ക് മുന്നിൽ ഈ പരാതി എത്തിക്കാൻ വൈകിയത്. പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് മുതിർന്ന വനിതാ അംഗങ്ങളോടെങ്കിലും പങ്കുവെക്കേണ്ടതായിരുന്നു. ഒരു സുപ്രഭാതത്തിൽ ഒരു മാറ്റവും എവിടേയും വരുത്താൻ പറ്റില്ലെന്നും അവർ പറഞ്ഞു.
വനിതാ കമ്മീഷൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോഷക സംഘടനയായിട്ടാണ് പ്രവർത്തിക്കുന്നത്. മുസ്ലിം ലീഗിന് ഈ പരാതി ലഭിച്ചപ്പോൾ അത് അന്വേഷിക്കാൻ ഒരു ഉപസമിതിയെ വെച്ചു. ഈ സമിതി പരാതിക്കാരേയും ആരോപണവിധേയരേയും ഇരുത്തി സംസാരിച്ചതാണ്.
പരാതി ഉണ്ടെങ്കിൽ വനിതാ ലീഗിനെ അറിയിക്കേണ്ടതായിരുന്നു. ഞങ്ങളും പാർട്ടിയുടെ പല സ്ഥാനങ്ങളിലും ഇരിക്കുന്നവരാണ്. ഹരിതയെന്നത് മുസ്ലിംലീഗിന്റെ പോഷക സംഘടനയല്ല. വനിതാ ലീഗിന്റേയും പോഷക സംഘടനയല്ല. താത്കാലികമായി എംഎസ്എഫ് ആ കാലഘട്ടത്തിൽ ഉണ്ടാക്കിയതാണ്. അത് ക്യാമ്പസിനുള്ളിൽ മതി. ക്യാമ്പസിന് പുറത്ത് വനിതാ ലീഗ് എന്ന സംഘടനയുണ്ടെന്നും നൂർബീന റഷീദ് കൂട്ടിച്ചേർത്തു.