വാഷിങ്ടണ്‍
പൗരന്മാരുടെ ഒഴിപ്പിക്കല്‍ നടപടിയെ അടക്കം ബാധിക്കുന്ന തരത്തിലേക്ക് കാബൂളിലെ സ്ഥിതിഗതികള്‍ കൈവിട്ട് പോയതിനുപിന്നാലെ പ്രധാന എതിരാളികളായ റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തിങ്കളാഴ്ച ചൈനീസ് വിദേശമന്ത്രി വാങ് യി, റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവ് എന്നിവരുമായി ഫോണില്‍ അഫ്ഗാൻ സംഭവവികാസങ്ങൾ ചര്‍ച്ച ചെയ്തു. അഫ്ഗാൻ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടന്നുവരികയാണെന്നും അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ക്ക് സന്നദ്ധമാണെന്ന് ഇരു രാജ്യവും അറിയിച്ചതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ വിദേശമന്ത്രി എസ് ജയ്ശങ്കർ, പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി തുടങ്ങിയവരുമായും ബ്ലിങ്കൻ ചർച്ച നടത്തി. കാബൂൾ വിമാനത്താവളത്തിലെ പ്രതിസന്ധിയില്‍ അമേരിക്കയുടെ ഇടപെടലുകളെ ജയ്ശങ്കർ ട്വിറ്ററിൽ അഭിനന്ദിച്ചു.
അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര പങ്കാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് ഖുറേഷി ഉറപ്പ് നല്കി. യുഎസ്, നാറ്റോ സൈന്യം അഫ്ഗാനില്‍ ഉണ്ടായിരുന്ന ഘട്ടമായിരുന്നു ചര്‍ച്ചകളിലൂടെ സംഘർഷം അവസാനിപ്പിക്കാൻ നല്ല സമയമെന്നും സംഘർഷത്തിന് ഒരിക്കലും സൈനിക പരിഹാരമില്ലെന്ന പാകിസ്ഥാന്റെ നിലപാട് സ്ഥിരീകരിക്കപ്പെട്ടതായും യുഎന്നിലെ പാക് സ്ഥാനപതി പറഞ്ഞു.