വേങ്ങര> സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണ ഇടപാടാണ് എ ആര് നഗര് സഹകരണ ബാങ്കില് നടന്നതെന്ന് ഡോ. കെ ടി ജലീല്. എ ആര് നഗര് സഹകരണ ബാങ്കിനു മുമ്പില് സി പി ഐ എം എ ആര് നഗര് ലോക്കല് കമ്മറ്റി സംഘടിപ്പിക്കുന്ന റിലേ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തു വര്ഷത്തിനിടെ ബാങ്കില് 300 കോടിയുടെ കള്ളപ്പണമിടപാട് നടന്നതായി സഹകരണ വകുപ്പിന്റെ ഇന്സ്പെക്ഷന് വിംഗ് കണ്ടെത്തിയിട്ടുണ്ട്. മുസ്ലീം ലീഗ് ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കുവേണ്ടിയാണ് മുന് ബാങ്ക് സെക്രട്ടറി സി കെ ഹരികുമാര് കള്ളപ്പണമിടപാടുകള് നടത്തിയിട്ടുള്ളത്. മോനു സി എന്ന പേരില് വ്യാജ എക്കൗണ്ട് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അമ്മു ശ്രീ എന്ന പേരിലുള്ള മറ്റൊരു വ്യാജ എക്കൗണ്ടിലേക്ക് കണ്ണൂരിലെ മുസ്ലീം ലീഗ് നേതാവ് വി കെ അബ്ദുല് ഖാദര് മൗലവിയുടെ പേരില് 50 ലക്ഷം രൂപയും ഈ എക്കൗണ്ടിലേക്ക് വരവ് വന്നിട്ടുണ്ട്.
ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളില് പുറത്തുവന്ന മറ്റൊരു വിവരം ലീഗ് നേതാവ് അബ്ദുറഹിമാന് രണ്ടത്താണിക്ക് ഈ ബാങ്കില് നിന്നും ലോണ് അനുവദിച്ചു എന്നുള്ളതാണ്. 2020 സെപ്തംബര് 24 നാണ് എന് എ എം ടി 9023 നമ്പറായി രണ്ടത്താണിക്ക് 50 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചത്. ഇടപാടുകാര് അറിയാതെ ഇവരുടെ എക്കൗണ്ടുകളിലേക്ക് നിക്ഷേപം വന്നതും ഇതിനകം പുറത്തായിട്ടുണ്ട്.എം ദേവി എന്നയാളുടെ പേരില് 80 ലക്ഷവും എ പി വേണുഗോപാല് എന്നയാളുടെ പേരില് 30 ലക്ഷവും എത്തിയത് ഇന്കം ടാക്സില് നിന്നും നോട്ടീസ് എത്തിയപ്പോള് മാത്രമാണ് ഇവര് അറിയുന്നത്.
മരണപ്പെട്ടവരുടെ പേരിലും ഇപ്പോഴും വാങ്ങല് കൊടുക്കല് നടക്കുന്ന എക്കൗണ്ടുകള് ഉണ്ട്.സുകുമാരന് നായര്, ഗോവിന്ദന് നായര് ,കല്യാണി അമ്മ തുടങ്ങിയവരുടെ എക്കൗണ്ടുകളില് ഇപ്പോഴും ക്രയവിക്രയം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്കം ടാക്സ് ഇന്വെസ്റ്റിഗേഷന് ഡിപ്പാര്ട്ട്മെന്റ് 3 ദിവസം 30 ല് പരം ഉദ്യോഗസ്ഥരെ വെച്ച് നടത്തിയ പരിശോധനയില് 110 കോടിയുടെ അനധികൃത നിക്ഷേപമാണ് കണ്ടെത്തിയത്. എന്നാല് ഇതില് ഏഴു കോടിയുടെ നിക്ഷേപമാണ് രേഖകള് ഹാജരാക്കി പിന്വലിക്കാന് കഴിഞ്ഞത്.
53 എക്കൗണ്ടുകളിലെ ബാക്കി തുക പിന്വലിക്കുന്നതിന് കഴിഞ്ഞിട്ടില്ലെന്നും ഡോ.കെ ടി ജലീല് പറഞ്ഞു. അനധികൃത നിക്ഷേപങ്ങളില് ഒന്ന് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന് ഹാഷിക്കിന്റേതാണ്. മൂന്നരക്കോടിയുടെ നിക്ഷേപത്തില് നിന്നും പലിശയിനത്തില് ഇദ്ദേഹം കൈപ്പറ്റിയത് ഒന്നരക്കോടിയാണ് .പലിശ വാങ്ങല് മഹാപാപമാണെന്ന് വിശ്വസിക്കുന്ന മുസ്ലീം ജനവിഭാഗത്തിന്റെ രാഷ്ട്രീയ കക്ഷിയിലെ പ്രമുഖനായ കുഞ്ഞാലിക്കുട്ടിയുടെ മകന് പലിശ കൈപ്പറ്റിയതില് മത നേതാക്കള് അഭിപ്രായം പറയാന് തയ്യാറാകണമെന്നും ജലീല് ആവശ്യപ്പെട്ടു.















