മലപ്പുറം: എംഎസ്എഫ് നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ലീഗിനുള്ളിലുണ്ടായ വിവാദത്തിൽ എംഎസ്എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദ് രാജിവെച്ചു. പാർട്ടിയുടെ സ്ത്രീ വിരുദ്ധ-ജനാധിപത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിക്ക് നൽകിയ രാജിക്കത്തിൽ അബ്ദുസമദ് വ്യക്തമാക്കി.
സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് നേതാക്കൾക്കെതിരേ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കാത്തതിൻറെ പേരിൽ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിഹരിത കമ്മിറ്റിയെ ലീഗ് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് എംഎസ്എഫ് നേതാവിന്റെ രാജി.
ഹരിതയുടെ പരാതിയിൽ നേരത്തെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി. അബ്ദുൾ വഹാബ് എന്നിവർക്കെതിരേ കോഴിക്കോട് വെള്ളയിൽ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ജൂൺ 22 ന് കോഴിക്കോട് ഹബീബ് സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.കെ നവാസ് ഹരിതയിലെ വിദ്യാർഥിനികളോട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് കേസ്.
പ്രശ്നം പരിഹരിക്കാൻ ലീഗ് മുൻകൈയെടുത്ത്നടത്തിയചർച്ചയിൽ ഹരിത നേതാക്കൾ വിട്ടുവീഴ്ചയ്ക്ക് തയ്യറാവാതെ വന്നതോടെയാണ് സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഹരിത ഭാരവാഹികളുടെ ആരോപണത്തിന് വിധേയരായ നേതാക്കളോട് രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനും ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
content highlights:MSF senior vice president resigns