കൊച്ചി> ജയിലുകളില് മാനസീകാരോഗ്യ കേന്ദ്രങ്ങള് സ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഒരു ജയിലിലെങ്കിലും ആരോഗ്യ കേന്ദ്രം സ്ഥാപിച്ച് മാനസീക രോഗമുള്ള തടവുകാര്ക്ക്
ചികില്സ നല്കണമെന്നും കോടതി നിര്ദേശിച്ചു.
ബന്ധുക്കളും സുഹൃത്തുക്കളും ഉപേക്ഷിച്ച് കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തില് കഴിയുന്ന 72 കാരനായ റിമാന്ഡ് തടവുകാരന്റെ ദുരവസ്ഥ സംബന്ധിച്ച മാധ്യമ വാര്ത്തകളുടെ അടിസ്ഥാനത്തില് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്.
തടവുകാരുടെ ചികില്സക്കും സംരക്ഷണത്തിനും പുനരധിവാസത്തിനുമായി അഞ്ചിന നിര്ദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. മാനസീകാരോഗൃ സംരക്ഷണ നിയമമനുസരിച്ച് മെഡിക്കല് റിവ്യൂ ബോര്ഡ് രൂപീകരിക്കണം. ജയില് ഡോക്ടര്മാര് നിയമപ്രകാരമുള്ള ഉത്തരവാദിത്തങ്ങള് നിറവേറ്റണം. രോഗബാധിതരായ തടവുകാരുടെ വിവരങ്ങള് ലീഗല് സര്വീസ് അതോറിറ്റിക്ക് കൈമാറണം.
പരിഗണന വേണ്ട സാഹചര്യമുണ്ടങ്കില് കെല്സ സെക്രട്ടറി കോടതിയുടെ ശ്രദ്ധയില് പെടുത്തണം. തടവുകാരുടെ ബന്ധുക്കളെ കണ്ടെത്തി പരിചരണവും സംരക്ഷണവും നല്കുന്നതിന് കെല്സയുടെ സഹായത്തോടെ സര്ക്കാര് നടപടി സ്വീകരിക്കണം.
ബന്ധുക്കള് പിന്നീട് കയ്യൊഴിഞ്ഞാല് പുനരധിവാസം ഉറപ്പാക്കണമെന്നും സര്ക്കാര് ഇതിനുള്ള ധനസഹായം കൈമാറണമെന്നും കോടതി നിര്ദേശിച്ചു. മാനസീക രോഗികളായ തടവുകാരുടെ
പുനരധിവാസത്തിന് പദ്ധതി ആവിഷ്ക്കരിച്ചതായി സര്ക്കാര് കോടതിയെ അറിയിച്ചു. ഉത്തരവ് നടപ്പാക്കി മൂന്നു മാസത്തിനു ശേഷം സര്ക്കാര് കോടതിക്ക്
റിപ്പോര്ട്ട് നല്കണം