തിരുവനന്തപുരം> വികസന രംഗത്ത് ലോകം മാതൃകയാക്കിയ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന് തുടക്കമായി. ചൊവ്വാഴ്ച വൈകിട്ട് 4.30ന് തിരുവനന്തപുരം ഗോര്ക്കിഭവനിലെ സി-ഡിറ്റ് സ്റ്റുഡിയോയില് മുഖ്യമന്ത്രി പിണറായി വിജയന് പരിപാടി ഉദ്ഘാടനം ചെയ്തു. തദ്ദേശമന്ത്രി എം വി ഗോവിന്ദന്, സ്പീക്കര് എം ബി രാജേഷ്, മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, ജനകീയാസൂത്രണം നടപ്പാക്കിയ കാലത്തെ തദ്ദേശമന്ത്രി പാലോളി മുഹമ്മദ് കുട്ടി, മന്ത്രിമാര്, മുന് മന്ത്രിമാര് തുടങ്ങിയവര് പങ്കെടുത്തു. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ആഘോഷം.
എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു. പകല് രണ്ടിനാണ് പരിപാടി ആരംഭിച്ചത്. 1996 മുതലുള്ള അധ്യക്ഷന്മാരെയും ജനപ്രതിനിധികളെയും ജനകീയാസൂത്രണത്തില് വ്യക്തിമുദ്ര പതിപ്പിച്ച സന്നദ്ധപ്രവര്ത്തകരെയും ഉദ്യോഗസ്ഥരെയും ആദരിക്കും. 25 വര്ഷത്തെ നേട്ടങ്ങളെക്കുറിച്ചുള്ള അവതരണവും ഉണ്ടാകും. ജനകീയാസൂത്രണത്തെക്കുറിച്ചുള്ള പുസ്തക പരമ്പരയിലെ ആദ്യ പുസ്തകം പ്രകാശിപ്പിക്കും.