തിരുവനന്തപുരം:സിപിഎം സംസ്ഥാന സമ്മേളനം അടുത്ത വർഷം ഫെബ്രുവരിയിൽ എറണാകുളത്ത് നടത്താൻ തീരുമാനം. ഇതിനു മുന്നോടിയായി ഡിസംബർ, ജനുവരി മാസങ്ങളിൽ പാർട്ടി ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ അറിയിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ട് ദിവസമായി ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്
അടുത്ത മാസം രണ്ടാംവാരം മുതൽ ബ്രാഞ്ച് സമ്മേളനം ആരംഭിക്കും. ഇതിന്റെ തുടർച്ചയായി വിവിധ തട്ടുകളിലുള്ള പാർട്ടി ഘടകങ്ങളുടെ സമ്മേളനങ്ങളും നടക്കും. സമ്മേളനങ്ങളുടെ കൃത്യമായ തിയതി പിന്നീട് തീരുമാനിക്കും. കോവിഡ് മാനദണ്ഡം കർശനമായി പാലിച്ചാണ് എല്ലാ ഘടകങ്ങളുടെയും സമ്മേളനം നടക്കുകയെന്നും വിജയരാഘവൻ വ്യക്തമാക്കി.
സർക്കാരിൽ പ്രവർത്തിക്കുന്നവർ പാർട്ടി നയവും പൊതുനയവും പ്രാവർത്തികമാക്കണമെന്നും വിജയരാഘവൻ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങൾക്കും പരിഗണന നൽകണം. സംസ്ഥാന താത്പര്യത്തിനും ജനതാത്പര്യത്തിനും ഉതകുന്ന രൂപത്തിൽ എല്ലാതരം മൂലധനത്തേയും കേരളത്തിലേക്ക് ആകർഷിക്കാൻ മുൻകൈ എടുക്കണം തുടങ്ങിയ നിർദേശങ്ങൾ പാർട്ടി സംസ്ഥാന സമിതി സർക്കാരിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സെപ്തംബർ ഒമ്പതിന് 2000 ഇടങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ സിപിഎം ജനകീയ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
content highlights:CPM state conference will held at Ernakulam in February